കരാറുകാരൻ റോഡ് പണി പാതിയിൽ ഉപേക്ഷിച്ചു; പൂർണ ദുരിതത്തിലായി ഒരു നാട്
text_fieldsതിരുത്തിയാട്: ഗ്രാമത്തിലേക്കുള്ള അവസാന യാത്രാ മാർഗവും അടഞ്ഞതോടെ പൂർണ ദുരിതത്തിലായി നാട്ടുകാർ. കരാറുകാരൻ പ്രവൃത്തി പാതിയിൽ ഉപേക്ഷിച്ചതോടെയാണ് പ്രദേശത്തേക്കുള്ള റോഡ് തീർത്തും ദുരിതപൂർണമായത്. തിരുത്തിയാട്-കക്കോവ് റോഡിന് എം.എൽ.എയുടെ ഗ്രാമീണ റോഡ് വികസന ഫണ്ടിൽനിന്ന് അനുവദിച്ച 20 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങളുടെ ആദ്യഘട്ട പ്രവൃത്തി കരാറുകാരൻ തുടങ്ങിയപ്പോൾ, റോഡിന്റെ എസ്റ്റിമേറ്റ് അനുസരിച്ചുള്ള പ്രവൃത്തി നടത്തണമെന്ന് നാട്ടുകാരിൽ ചിലർ ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ കരാറുകാരൻ പണി നിർത്തി. തിരുത്തിയാട് സർക്കാർ എൽ. പി സ്കൂളിന്റെ മുന്നിൽ റോഡ് കുത്തിപൊളിക്കുകയും മണ്ണിടുകയും അതിന്റെ മുകളിൽ, ടാറിട്ട റോഡ് പൊളിച്ചെടുത്തത് ഇടുകയും ചെയ്തതിനെയാണ് ചിലർ ചോദ്യം ചെയ്തത്.
മഴ പെയ്തതോടെ ഈ ഭാഗം ചളിക്കുളമായി കാൽനട യാത്ര പോലും അസാധ്യമാക്കി. ഈ ഭാഗത്ത് ഇരുചക്ര വാഹന യാത്രക്കാർ ചെളിയിൽ തെന്നി വീഴുന്നതും പതിവാണ്. എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് സ്കൂളിൽ എത്തണമെങ്കിൽ ഈ ചെളിക്കുളം നീന്തി കയറണം.
പ്രദേശത്തുകാരുടെ പ്രധാന യാത്രമാർഗമായ കാരാട് മൂളപ്പുറം ചണ്ണയിൽ പള്ളിയാളി റോഡ് തകർന്നിട്ട് വർഷങ്ങളായി. അതോടെ തിരുത്തിയാട് കാക്കോവ് റോഡിനെയാണ് പലരും ആശ്രയിക്കാറ്.
കാരാട്-മൂളപ്പുറം-ചണ്ണയിൽ-പള്ളിയാളി റോഡ് യാത്രായോഗ്യമാക്കണമെന്ന ആവശ്യത്തിനൊടുവിൽ സർക്കാർ 10 കോടി വകയിരുത്തിയെങ്കിലും അതും ഒന്നും ആയില്ല. ഇതിന് പുറമെ, എം.എൽ.എ രണ്ട് കോടിയുടെ ബജറ്റ് ഫണ്ടും വകയിരുത്തിയിട്ടുണ്ട്. ഇതിന്റെയും അന്തിമ അനുമതിക്ക് കാത്തിരിക്കുകയാണ് ജനം. റോഡ് ഉടൻ നവീകരിച്ചില്ലെങ്കിൽ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനോ, സ്വാതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കാനോ ജനം ആലോചിക്കുന്നുണ്ട്.