എൻ.ഡി.പി.എസ് കേസ്; എട്ട് മാസത്തിനിടെ ശിക്ഷിക്കപ്പെട്ടത് 321 പേർ
text_fieldsമലപ്പുറം: ലഹരി ഇടപാടുമായി ബന്ധപ്പെട്ട് എൻ.ഡി.പി.എസ് കേസുകളിൽ എട്ട് മാസത്തിനിടെ സംസ്ഥാനത്ത് ശിക്ഷിപ്പെട്ടത് 321 പേർ. 13 പേരെ കുറ്റവിമുക്തരുമാക്കി. 2025 ആഗസ്റ്റ് വരെ എക്സൈസ് വകുപ്പ് പുറത്ത് വിട്ട കണക്കുകളാണിത്. എറണാകുളമാണ് പട്ടികയിൽ ഒന്നാമത്. എറണാകുളത്ത് 635 പേർ ശിക്ഷിക്കപ്പെട്ടു. രണ്ടാമതുള്ള തിരുവനന്തപുരം 566, മൂന്നാമതുള്ള കോട്ടയം 507, ഇടുക്കി 444, തൃശ്ശൂർ 390, കൊല്ലം 363 എന്നിങ്ങനെയാണ് മലപ്പുറത്തിന് മുന്നിലുള്ള ജില്ലകൾ. കാസർകോടാണ് ഏറ്റവും കുറവ് പേരെ ശിക്ഷിച്ചത് 67 പേർ. മൂന്ന് പേർ കുറ്റവിമുക്തരായി. സംസ്ഥാനത്ത് ആകെ 4,580 പേരാണ് ഈ കാലയളവിൽ ശിക്ഷകൾക്ക് വിധേയരായത്. 2021 മുതൽ 2025 ആഗസ്റ്റ് വരെ ആകെ 1,380 പേരാണ് ജില്ലയിൽ ശിക്ഷകൾക്ക് വിധേയമായത്. അഞ്ച് വർഷത്തിനിടെ 2024 ലാണ് മലപ്പുറത്ത് കൂടുതൽ പേർക്ക് ശിക്ഷ കിട്ടിയത്. 385 പേർക്ക് ശിക്ഷ ലഭിച്ചു. 2021ൽ 142, 2022ൽ 214, 2023ൽ 318 എന്ന നിലയിൽ ശിക്ഷ ലഭിക്കുന്നവരുടെ എണ്ണം കൂടി വരികയായിരുന്നു.
അഞ്ച് വർഷത്തിനിടെ 15 പേരാണ് ആകെ കുറ്റ കുറ്റവിമുക്തരായത്. ഇതിൽ 2022ലും 2024ലും ഓരോ പേരും 2025 ആഗസ്റ്റ് വരെ 13 പേരും വിമുക്തരായി. 2021 മേയ് 21 മുതൽ 2025 ആഗസ്റ്റ് വരെ 2,542 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. 2021ൽ 185, 2022ൽ 361, 2023ൽ 613, 2024ൽ 765, 2025 ആഗസ്റ്റ് വരെ 618 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2025 ആഗസ്റ്റ് വരെ മാത്രമുള്ള കണക്കിൽ സംസ്ഥാനത്ത് കേസുകൾ രജിസ്റ്റർ ചെയ്യുന്ന എണ്ണത്തിൽ മലപ്പുറം സംസ്ഥാനത്ത് ആറാമതാണ്.
എറണാകുളം ജില്ലയാണ് പട്ടികയിൽ ഒന്നാമത്. എറണാകുളത്ത് 1,105 കേസുകൾ രജിസ്റ്റർ ചെയ്തു. രണ്ടാമതുള്ള കോട്ടയത്ത് 919, ഇടുക്കി 851, ആലപ്പുഴ 846, കൊല്ലം 769 എന്നിങ്ങനെയാണ് മലപ്പുറത്തിന് മുന്നിലുള്ളത്. കാസർകോടാണ് ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 172 കേസുകൾ മാത്രമാണ് ഈ കാലയളവിൽ രജിസ്റ്റർ ചെയ്തത്.