ഒപ്പത്തിനൊപ്പം മുന്നേറി നിലമ്പൂർ പോര്
text_fieldsനിലമ്പൂർ: പതിനെട്ടടവും പുറത്തെടുത്തും ഓരോ വോട്ടും ഉറപ്പാക്കിയും മുന്നണികൾ അങ്കത്തട്ടിൽ പോരടിക്കവെ നിലമ്പൂരിൽ കാര്യങ്ങൾ പ്രവചനാതീതമാകുന്നു. വന്യമൃഗ ഭീഷണിയടക്കമുള്ള പ്രാദേശിക വിഷയങ്ങൾ ദേശീയ-സംസ്ഥാന വിഷയങ്ങളിലേക്ക് വഴിമാറി. സ്ഥാനാർഥികൾ ഇതിനകം രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നു. കൺവെൻഷനുകളും പ്രമുഖരെ കാണലുമായിരുന്നു ഒന്നാംഘട്ടത്തിൽ. പിന്നീടത് സ്ക്വാഡ് വർക്കുകളിലേക്ക് വഴിമാറി. മൂന്നാംഘട്ട കുടുംബയോഗങ്ങളിലേക്കും ചിലയിടങ്ങളിൽ മുന്നണികളെത്തി.
പ്രാദേശിക നേതാക്കളും സംസ്ഥാനതലത്തിലെ ജനപ്രിയ നേതാക്കളുമാണ് കുടുംബയോഗങ്ങളിലെത്തുന്നത്. ചാനലുകളോട് പ്രതികരിക്കാനും പ്രത്യേക ചുമതലയിൽ നേതാക്കളുണ്ട്. എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജും, യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും പ്രചാരണരംഗത്ത് ഒപ്പത്തിനൊപ്പമാണ്. സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ പ്രചാരണപരിപാടികൾ കുറച്ച് വാർത്തസമ്മേമളനങ്ങളിലൂടെയാണ് നിറഞ്ഞ് നിൽക്കുന്നത്.
ഇരുമുന്നണികളെയും സ്ഥാനാർഥികളെയും എതിർത്താണ് അൻവറിന്റെ വോട്ട് പിടുത്തം. ആരോപണങ്ങൾക്ക് നേതാക്കൾ മറുപടി പറയുന്നതിനാൽ അൻവറിെൻറ പ്രചാരണതന്ത്രം ചെറിയ തോതിലെങ്കിലും ഏശുന്നുണ്ട്. മുൻ തെരഞ്ഞെടുപ്പുകളിൽ കിട്ടിയ വോട്ട് ഉറപ്പിക്കുകയെന്ന ലക്ഷ്യം വെച്ചുള്ള പ്രചാരണത്തിലാണ് എൻ.ഡി.എ. താമരചിഹ്നത്തിൽ മത്സരരംഗത്തുള്ള സ്ഥാനാർഥി അഡ്വ. മോഹൻ ജോർജിന് വോട്ട് കുറയുന്ന സാഹചര്യം ഒഴിവാക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടിയും രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നു. ശിവസേന ഉദ്ധവ് വിഭാഗം സ്ഥാനാർഥി പേരൂർ ഹരിനാരായണനും സാന്നിധ്യമറിയിക്കുന്നുണ്ട്. സ്വതന്ത്ര സ്ഥാനാർഥികൾ പ്രചാരണരംഗത്ത് കാര്യമായില്ല.