ആവേശത്തുഴയെറിയാം; ചാലിയാര്‍ റിവര്‍ പാഡില്‍ ഒക്ടോബര്‍ മൂന്നുമുതല്‍
text_fieldsചാലിയാർ കയാക്കിങ് (ഫയൽ ചിത്രം)
നിലമ്പൂര്‍: ഏഷ്യയിലെ രണ്ടാമത്തെ ദീര്‍ഘദൂര കയാക്കിങ് യാത്രയായ ചാലിയാര്‍ റിവര്‍ പാഡില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ നടക്കും. ചാലിയാറിനെ സംരക്ഷിക്കാനും ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന ദീര്‍ഘദൂര കയാക്കിങ് ബോധവത്കരണ യാത്ര പതിനൊന്നാം തവണയാണ് സംഘടിപ്പിക്കുന്നത്. ലോക കയാക്കിങ് താരങ്ങളോടൊപ്പം തുടക്കക്കാര്‍ക്കും തുഴയെറിയാം എന്നതാണ് സവിശേഷത.
വിവിധ തരം കയാക്കുകളിലും സ്റ്റാന്‍ഡ് അപ്പ് പാഡിലിലും പായ്വഞ്ചിയിലും ചുരുളന്‍ വള്ളത്തിലുമായാണ് മൂന്നു ദിവസത്തെ യാത്ര. നിലമ്പൂരിലെ മാനവേദന് ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപത്തുള്ള കടവില്‍ നിന്ന് ഒക്ടോബര്‍ മൂന്നിന് ഉച്ചക്ക് രണ്ടിന് യാത്ര ആരംഭിക്കും. ആര്യാടന് ഷൗക്കത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പി.വി. അബ്ദുല്‍ വഹാബ് എം.പി യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഒക്ടോബര്‍ അഞ്ചിന് ഉച്ചക്ക് രണ്ടിന് കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബില്‍ യാത്ര സമാപിക്കും.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെല്ലി ഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബാണ് യാത്ര സംഘടിപ്പിക്കുന്നത്. കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്റ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റി, കോഴിക്കോട് പാരഗണ്‍ റസ്റ്റാറന്റ്, ഗ്രീന്‍ വേംസ്, അമാന ടൊയോട്ട എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. രാജ്യത്തുനിന്നും വിദേശത്തുനിന്നുമായി 75 ആളുകൾ പങ്കെടുക്കും. പത്ത് മുതല്‍ 70 വയസ്സുവരെയുള്ളവര്‍ സംഘത്തിലുണ്ടാവും. ചാലിയാറിലൂടെ ഇവര്‍ 68 കിലോമീറ്ററാണ് സഞ്ചരിക്കുക. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് കയാക്കിങ്.
മൂന്നു ദിവസങ്ങള്‍ക്കൊണ്ട് ചാലിയാര്‍ പുഴയില്‍നിന്നും മാലിന്യം ശേഖരിക്കാനാണ് സംഘം ലക്ഷ്യമിടുന്നതെന്ന് ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക, മാനേജിങ് ഡയറക്ടര്‍ റിന്‍സി ഇക്ബാല്‍ എന്നിവര്‍ പറഞ്ഞു. യാത്രയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെറുവണ്ണൂര്‍ ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബില്‍ ഒക്ടോബര്‍ ഒന്നിന് വൈകീട്ട് അഞ്ച് വരെ പേര് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400893112.


