പോക്സോ കേസിൽ നാല് വർഷം കഠിന തടവ്
text_fieldsവിനോദ്
നിലമ്പൂർ: 14 കാരിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ പ്രതിയെ നാല് വർഷം കഠിന തടവിനും 5,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചു. മൂത്തേടം കാരപ്പുറം സ്വദേശി പുതുവായ് വിനോദിനെതിരെയാണ് (34) നിലമ്പൂർ അതിവേഗ പോക്സോ കോടതി ജഡ്ജ് കെ.പി. ജോയ് ശിക്ഷ വിധിച്ചത്.
പിഴയടച്ചാൽ തുക അതിജീവിതക്ക് നൽകും. പിഴയടക്കാത്ത പക്ഷം രണ്ട് മാസവും രണ്ട് ആഴ്ചയും അധിക തടവ് അനുഭവിക്കണം. 2024 ജൂൺ 16നാണ് കേസിനാസ്പദമായ സംഭവം. പോത്തുകല്ല് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പോത്തുകല്‍ സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ. സോമനാണ് അന്വേഷണം നടത്തിയത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എം. ബിജിത കേസന്വേഷണത്തില്‍ സഹായിച്ചു.
പ്രോസിക്യൂഷനായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. 17 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ ജയിലിലേക്കയച്ചു.


