നിലമ്പൂർ-ഷൊർണൂർ റെയിൽ പാത കോച്ചുകളുടെ വർധനവ് യാത്രക്കാർക്ക് ആശ്വാസമാകും
text_fieldsനിലമ്പൂര്‍: രാജ്യറാണിക്കും കോട്ടയം എക്സ് പ്രസിനും രണ്ട് വീതം കോച്ചുകൾ അധികം അനുവദിക്കുന്നത് നിലമ്പൂർ-ഷൊർണൂർ പാതയിലെ യാത്രക്കാർക്ക് ഏറെ ആശ്വാസമാകും. കോച്ചുകളുടെ വർധനവ് ഏറെ നാളത്തെ ആവശ്യമായിരുന്നു. കോച്ചുകളുടെ എണ്ണക്കുറവ് മൂലം പാതയിലെ യാത്രക്കാർ ഏറെ ദുരിതം ആണ് അനുഭവിക്കുന്നത്. വ്യാഴാഴ്ച നിലമ്പൂരിലെത്തിയ റെയിൽവേ പാലക്കാട് ഡിവിഷൻ ജനറൽ മാനേജർ അരുൺകുമാർ ചതുർവേദിയാണ് കോച്ചുകൾ വർധിപ്പിക്കുന്ന കാര്യം അറിയിച്ചത്.
രാജ്യറാണിക്ക് നിലവിൽ 14 കോച്ചുകളാണുള്ളത്. ഒരു സെക്കൻഡ് ക്ലാസ് എസി, ഒരു തേഡ് ക്ലാസ് എ.സി, ആറ് സ്ലീപ്പർ, നാല് ജനറൽ, രണ്ട് എൽ.ആർ.ഡി കോച്ചുകളാണുള്ളത്. ഒരു എ.സി ത്രി ടയർ കോച്ചും ഒരു ജനറൽ കോച്ചും കൂടി അനുവദിച്ച് കിട്ടുന്നതോടെ കോച്ചുകളുടെ എണ്ണം 16 ആവും. കോട്ടയം എക്സ് പ്രസിന് 12 ജനറൽ കോച്ചുകളാണുള്ളത്. ഒരു എ.സി കോച്ചും ഒരു നോൺ എ.സി കോച്ചും കൂടി അനുവദിക്കുന്നതോടെ 14 കോച്ചുകളാവും. ഓണത്തിന് മുമ്പ് അധിക കോച്ചുകൾ അനുവദിക്കുമെന്നാണ് പ്രഖ്യാപനം.
നിലമ്പൂർ-ഷൊർണൂർ പാതയിൽ നിലവിൽ 14 സർവിസുകളാണ് പാതയിലുള്ളത്. ബ്രിട്ടീഷുകാരുടെ കാലത്ത് കൽക്കരി എൻജിനുമായി സർവിസ് തുടങ്ങിയ പാതയിൽ ഡീസൽ എൻജിനിൽനിന്ന് വൈദ്യുതിയിലേക്ക് മാറിയതോടെ വലിയ വികസന സാധ്യതയാണ് തേക്കിൻനാട് കാണുന്നത്.
പാലക്കാട് റെയില്‍വേ ഡിവിഷന് ശിപാര്‍ശ ചെയ്ത മെമു വണ്ടികള്‍ കൂടി വരുന്നതോടെ പാത കൂടുതൽ സജീവമാകും. ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കുന്ന എറണാകുളം-ഷൊർണുർ മെമു, കോയമ്പത്തൂർ-ഷൊർണുർ മെമു എന്നിവ നിലമ്പൂരിലേക്ക് നീട്ടാനാണ് ശിപാർശ. ചെന്നൈയിൽ നിന്നും ഡൽഹി റെയിൽവേ ബോർഡിൽ നിന്നുമുള്ള അനുമതികൾ ലഭിക്കുന്നതോടെ ജനുവരിയിൽ തന്നെ മെമു സർവിസുകൾ തുടങ്ങാമെന്നാണ് പാലക്കാട് ഡിവിഷൻ അറിയിച്ചിട്ടുള്ളത്.
മേലാറ്റൂർ, കുലുക്കല്ലൂർ ക്രോസിങ് സ്റ്റേഷനുകളുടെ പ്രവൃത്തി ഈ വർഷം പൂർത്തിയാവുന്നതോടെ പാതയിൽ കൂടുതൽ സർവിസുകൾക്ക് പ്രതീക്ഷയുണ്ട്. കോട്ടയം എക്സ് പ്രസ് പുനലൂർ വരെ നീട്ടുന്നതിന്റെയും രാജ്യറാണിയുടെ റാക്ക് ഉപയോഗിച്ച് പകൽ എറണാകുളത്തേക്ക് പുതിയ സർവിസ് ആരംഭിക്കുന്നതിന്റെയും സാധ്യതയും വർധിക്കും.