Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightപട്ടികവർഗക്കാർക്കുള്ള...

പട്ടികവർഗക്കാർക്കുള്ള ഭൂമി വിതരണം തടഞ്ഞു

text_fields
bookmark_border
പട്ടികവർഗക്കാർക്കുള്ള ഭൂമി വിതരണം തടഞ്ഞു
cancel
camera_alt

ഭൂരഹിതരായ മുഴുവൻ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമി വിതരണം ചെയ്യണമെന്നാവശ‍്യപ്പെട്ട് നറുക്കെടുപ്പ് നടപടി ഭൂസമരനായിക ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ തടയുന്നു

നിലമ്പൂർ: ജില്ലയിലെ ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി വിതരണം ചെയ്യാൻ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച നറുക്കെടുപ്പ് പൂര്‍ത്തിയാക്കാനായില്ല. നടപടികളില്‍ ക്രമക്കേട് ആരോപിച്ച് ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ ഭൂസമരസമിതി നേതാക്കള്‍ ഇടപെട്ടതോടെയാണ് നറുക്കെടുപ്പ് പാതിവഴിയില്‍ അവസാനിപ്പിച്ചത്. നിലമ്പൂര്‍ വ്യാപാരഭവനിലാണ് തിങ്കളാഴ്ച രാവിലെ പത്തോടെ ജില്ല കലക്ടറുടെ നിര്‍ദ്ദേശപ്രകാരം നറുക്കെടുപ്പ് നടപടികൾ തുടങ്ങിയത്.

എല്‍.ആര്‍.ഡപ്യൂട്ടി കലക്ടര്‍ വി.ടി. ഘോള്‍, ജില്ല ഐ.ടി.ഡി.പി ഓഫിസര്‍ സിന്ധു, നിലമ്പൂർ തഹസില്‍ദാര്‍ എം.പി. സിന്ധു, ഭൂരേഖ തഹസില്‍ദാര്‍ വി. വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പിനായി രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചത്. അകമ്പാടം വില്ലേജിൽ ഉൾപ്പെട്ട അത്തിക്കല്ലിൽ 20 സെന്‍റ് വീതം 56 പ്ലോട്ടുകളും കുറുമ്പലങ്ങോട് വില്ലേജിൽ ഉൾപ്പെട്ട നെല്ലിപ്പൊയിൽ, കൊട്ടീരി, അകമ്പാടം വില്ലേജിലെ കണ്ണുകുണ്ട് എന്നിവിടങ്ങളിൽ 50 സെന്‍റ് വീതമുള്ള 88 പ്ലോട്ടുകളുമാണ് ഭൂരഹിതരായ ആദിവാസികൾക്ക് നറുക്കെടുപ്പിലൂടെ നൽകാൻ നടപടി ആരംഭിച്ചത്. 417 കുടുബങ്ങളാണ് അപേക്ഷകരായുണ്ടായിരുന്നത്. നറുക്കെടുപ്പിനായി അപേക്ഷകരായ മുഴുവൻ കുടുംബങ്ങളെയും എസ്.ടി പ്രോമോട്ടർമാർ വഴി രേഖാമൂലം അറിയിച്ച് വിളിച്ച് വരുത്തിയിരുന്നു. രജിസ്ട്രേഷൻ നടപടി പൂർത്തീകരിച്ച് ഉച്ചയോടെ നറുക്കെടുപ്പ് നടപടിയിലേക്ക് കടന്നു.

നറുക്കെടുപ്പ് പകുതി ആയതോടെ ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ ഭൂസമരനേതാക്കൾ പ്ലേകാർഡുകളുമായി രംഗത്തെത്തി ബഹളം വെച്ചു. ഉത്തരവിലില്ലാത്ത പ്രദേശവും നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയെന്നും 144 പ്ലോട്ടുകള്‍ നല്‍കുന്നതിനായി 417 അപേക്ഷകരെ വിളിച്ചുവരുത്തി ബുദ്ധിമുട്ടിച്ചെന്നും ഇവർ ആരോപിച്ചു. മുഴുവന്‍ പേര്‍ക്കും ഭൂമി നല്‍കാന്‍ നടപടികളെടുക്കണമെന്നും വശ്യപ്പെട്ടു. ഒരു വാര്‍ഡിലെ 60 ഓളം പേര്‍ക്ക് മാത്രം നറുക്കെടുപ്പിലൂടെ ഭൂമി ലഭിക്കുന്ന സാഹചര്യമുണ്ടായത് ക്രമക്കേടാണെന്നും സമരക്കാർ ആരോപിച്ചു.

ബഹളം ശക്തമായതോടെ ഡെപ‍്യൂട്ടി കലക്ടർ ജില്ല കലക്ടറുമായി ബന്ധപ്പെട്ട് താൽകാലികമായി നറുക്കെടുപ്പ് നിര്‍ത്തിവെച്ചു. നിലമ്പൂര്‍ സി.ഐ ബി.എസ്.ബിനു, പൂക്കോട്ടുംപാടം സി.ഐ.രാജേന്ദ്രന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. ഭൂരഹിതരായ പട്ടികവർഗ കുടുംബങ്ങൾക്ക് വനംവകുപ്പ് റവന‍്യൂവകുപ്പിന് കൈമാറിയ ഭൂമിയുടെ രണ്ടാം ഘട്ട വിതരണത്തിനാണ് തിങ്കളാഴ്ച നടപടികൾ തുടങ്ങിയെത്. ഒന്നാം ഘട്ടത്തില്‍ വിവിധയിടങ്ങളിലായി 570 ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്കായി 72 ഹെക്ടറോളം സ്ഥലത്തിന്‍റെ പട്ടയം ഉള്‍പ്പെടെ വിതരണം പൂര്‍ത്തിയാക്കിയിരുന്നു.

Show Full Article
TAGS:Local News Land distribution Scheduled Tribes blocked 
News Summary - Land distribution to Scheduled Tribes blocked
Next Story