സംസ്ഥാന ബജറ്റ്; ജില്ലക്ക് പ്രതീക്ഷ നൽകുന്ന പ്രധാന പദ്ധതികളൊന്നുമില്ല
text_fieldsനിലമ്പൂർ: വന്യജീവി ആക്രമണം തടയാനുള്ള പ്രതിരോധ നടപടികൾക്ക് ബജറ്റിൽ 50 കോടിയുടെ പ്രഖ്യാപനം മലയോരത്തിന് ആശ്വാസമേകുന്നു. സംസ്ഥാനത്തിന് ഒട്ടാകെ 50 കോടി അനുവദിച്ചത് പര്യാപ്തമല്ലെങ്കിലും തെല്ലൊരു ആശ്വാസമായാണ് പ്രഖ്യാപനം കാണുന്നത്. കാട്ടാന ഉൾപ്പെടെ വന്യജീവികളുടെ ആക്രമണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയിലെ നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷനുകളിലേക്ക് പ്രഖ്യാപനത്തിന്റെ സിംഹഭാഗവും ലഭിക്കുമെന്നാണ് പ്രതീക്ഷ. പത്ത് ദിവസത്തിനിടെ രണ്ട് ജീവൻ കാട്ടാന അപഹരിച്ച നിലമ്പൂരിൽ വന്യജീവി ആക്രമണത്തിനെതിരെ ജനരോഷം കത്തിപ്പടരുന്ന സമയത്തും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫണ്ട് ലഭ്യമാവാതെ വനം വകുപ്പ് ഏറെ പ്രയാസത്തിലാണ്.
നബാർഡിന്റെ സഹായത്തോടെ നിലമ്പൂർ കാട്ടിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ടെങ്കിലും വനാതിർത്തികളിലെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാത്തതിനാൽ ഫലപ്രാപ്തി കൈവരിക്കുന്നില്ല. ബജറ്റിൽ പ്രഖ്യാപിച്ച തുക ലഭ്യമായാൽ വനത്തിനകത്ത് കാട്ടാനകൾ ഉൾപ്പടെയുള്ളവക്ക് തീറ്റയും വെള്ളവും ഒരുക്കുന്നതിനുള്ള പ്രവൃത്തിക്ക് മുൻതൂക്കം നൽകാനുള്ള പദ്ധതിയാണ് ആലോചിക്കുന്നതെന്ന് നോർത്ത് ഡി.എഫ്.ഒയുടെ ചുമതലയുള്ള അനീഷ സിദ്ദീഖും സൗത്ത് ഡി.എഫ്.ഒ ധനിക് ലാലും പറഞ്ഞു.
കാട്ടുമൃഗങ്ങൾക്ക് ദാഹം അകറ്റാൻ വനത്തിനുള്ളിൽ നേരത്തെ നിർമിച്ച കുളങ്ങളും ചെക്ക് ഡാമുകളും നന്നാക്കിയെടുക്കുകയും പുതിയവ നിർമിക്കുകയം ചെയ്യും. കടുത്ത വേനലിലും വെള്ളം ലഭിക്കാവുന്ന ചതുപ്പ് നിലങ്ങളും മറ്റും കണ്ടെത്തി ഇവിടങ്ങളിലാവും കുളങ്ങളുടെ നിർമാണം. ആനകളുടെ ഇഷട്ഭോജ്യമായ മുളങ്കാടുകൾ ഉൾപ്പെടെ ഭക്ഷ്യയോഗ്യമായ വൃക്ഷങ്ങൾ കാട്ടിനുള്ളിൽ നട്ടുപിടിപ്പിക്കും. വിദഗ്ധരുടെ സഹായത്തോടെ ഇത്തരം പദ്ധതിക്കായുള്ള കർമപദ്ധതി തയാറാക്കും. അതോടൊപ്പം തന്നെ വന്യജീവികൾ കാടിറങ്ങുന്നത് തടയാൻ വനാതിർത്തികളിൽ തൂക്ക് ഫെൻസിങ്ങും സ്ഥാപിക്കും. കിടങ്ങ്, സോളാർ ഫെൻസിങ് എന്നിവയെക്കാൾ പ്രയോജനകരം തൂക്ക് ഫെൻസിങ്ങാണെന്ന് വിലയിരുത്തലുണ്ട്.