നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തലവേദനയായി സ്ഥാനാർഥി നിർണയം; നറുക്ക് വി.എസ്. ജോയിക്കോ ആര്യാടൻ ഷൗക്കത്തിനോ?
text_fieldsനിലമ്പൂർ: ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകിയതോടെ നിലമ്പൂരിലെ സ്ഥാനാർഥി നിർണയത്തിനായി മുന്നണികളിൽ തിരക്കിട്ട ചർച്ചകൾ. കോൺഗ്രസിൽ ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയും കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്തും ചരടുവലി മുറുക്കിയിട്ടുണ്ട്. ഇവരിൽ ആരെ കൊള്ളും ആരെ തള്ളുമെന്നത് പാർട്ടിക്ക് തലവേദനയായിരിക്കുകയാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പട്ടാമ്പി സീറ്റ് ഷൗക്കത്തിന് നൽകിയെങ്കിലും നിലമ്പൂരിൽ മത്സരിക്കാനാണ് താൽപര്യമെന്ന് പറഞ്ഞ് ഷൗക്കത്ത് പട്ടാമ്പി സീറ്റ് നിരസിച്ചു. എന്നാൽ, അന്ന് വി.വി. പ്രകാശിനാണ് കോൺഗ്രസ് നിലമ്പൂർ സീറ്റ് നൽകിയത്. ഇത് ഷൗക്കത്തും പാർട്ടിയും തമ്മിൽ ഭിന്നതക്കുമിടയാക്കിയിരുന്നു. പിന്നീടവ പരിഹരിക്കുകയും ഷൗക്കത്ത് മണ്ഡലത്തിൽ സജീവമാകുകയും ചെയ്തു. മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദനോട് മത്സരിച്ച് കഴിവുതെളിയിച്ച വി.എസ്. ജോയിയും ജില്ലയിൽ അറിയപ്പെടുന്ന നേതാവാണ്. ഇതിൽ ആർക്കാണ് വിജയം ഉറപ്പിക്കാനാവുകയെന്നത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം രഹസ്യസർവേ നടത്തുന്നുണ്ട്.
2016ലും 2021ലും നിലമ്പൂരിൽ കോൺഗ്രസിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് ഗ്രൂപ്പുപോര് മൂലമാണ്. അതിനാൽ കരുതലോടെയാണ് നേതൃത്വത്തിന്റെ നീക്കം. പി.വി. അൻവറിന്റെ പിന്തുണ കൂടി ലഭിച്ച അനുകൂല സാഹചര്യം സ്ഥാനാർഥിനിർണയത്തിലൂടെ നഷ്ടപ്പെടരുതെന്ന് ഹൈകമാൻഡിന്റെ നിർദേശമുണ്ട്. മുസ്ലിം ലീഗടക്കമുള്ള ഘടകകക്ഷികളുടെ അഭിപ്രായവും നിർണായകമാകും. തെരഞ്ഞെടുപ്പ് ചുമതല കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം എ.പി. അനിൽകുമാറിനാണ്. ശനിയാഴ്ച അദ്ദേഹം നിലമ്പൂരിൽ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ഒന്നരവർഷം മാത്രം ശേഷിക്കെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാവുന്നയാൾക്കുതന്നെയാവും അടുത്ത തവണയും നറുക്കുവീഴുകയെന്നതിനാൽ സ്ഥാനാർഥിത്വം വിട്ടുകൊടുക്കാൻ ഇരുവരും തയാറാകില്ല.
അതേസമയം, യു.ഡി.എഫിന്റെ നീക്കം നിരീക്ഷിച്ചുവരുകയാണ് ഇടതുപക്ഷം. യു.ഡി.എഫിന്റെ സ്ഥാനാർഥി പ്രഖ്യാപനശേഷമാകും എൽ.ഡി.എഫ് പ്രഖ്യാപനം. ആര്യാടൻ ഷൗക്കത്തിന് സീറ്റ് നിഷേധിക്കപ്പെട്ടാൽ അദ്ദേഹത്തെ ഇടതുപാളയത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കമുണ്ടാവും. ഷൗക്കത്ത് ഇടതുപാളയത്തിലെത്തിയാൽ അത് സി.പി.എമ്മിന് രാഷ്ട്രീയലാഭമാകും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിനാണ് തെരഞ്ഞെടുപ്പ് ചുമതല. നിലമ്പൂരിൽ പാർട്ടി ചിഹ്നത്തിൽ സി.പി.എം സ്ഥാനാർഥിയുണ്ടായിട്ടില്ല. സ്വതന്ത്രരെ സ്ഥാനാർഥിയാക്കുന്ന നയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് പി.വി. അൻവറിന്റെ കാലുമാറ്റ ശേഷവും ജില്ല സെക്രട്ടറി വി.പി. അനിൽ പറഞ്ഞിരുന്നു.
56 പോളിങ് ബൂത്തുകള്‍ കൂടും ആകെ ബൂത്തുകൾ 260 ആകും
മലപ്പുറം: നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജില്ല കലക്ടറുടെ നേതൃത്വത്തിൽ നടന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശ പ്രകാരം 1100 ൽപരം വോട്ടര്‍മാരുള്ള പോളിങ് സ്റ്റേഷനുകൾ വിഭജിച്ച് മണ്ഡലത്തിൽ പുതുതായി 56 പോളിങ് ബൂത്തുകള്‍ കൂടി നിലവില്‍ വരും. മണ്ഡലത്തില്‍ നിലവില്‍ 204 പോളിങ് ബൂത്തുകളാണുള്ളത്. ഇതോടെ ബൂത്തുകളുടെ എണ്ണം 260 ആകും.
വോട്ടിങ് സുഗമമായി നടത്താനും നീണ്ട വരി ഇല്ലാതാക്കാനും വേണ്ടിയാണ് സ്ഥലം മാറ്റാതെ പുതിയ പോളിങ് ബൂത്തുകള്‍ സ്ഥാപിക്കുന്നതെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ നേതാക്കളുടെ സഹകരണം വേണമെന്നും ജില്ല കലക്ടർ അഭ്യർഥിച്ചു.
ഇത് സംബന്ധിച്ച ബി.എല്‍.ഒ മാരുടെയും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം വെള്ളിയാഴ്ച വൈകുന്നേരം നാലിന് വില്ലേജ് ഓഫിസുകളില്‍ നടക്കും. ബി.എല്‍.ഒമാര്‍, ബൂത്തുതല ഏജന്റുമാര്‍ എന്നിവരുടെ സംയോജിത സഹകരണത്തോടെ ഏപ്രില്‍ എട്ടിനുള്ളില്‍ ഫീല്‍ഡ് പരിശോധന പൂര്‍ത്തിയാക്കണം. നിലമ്പൂരില്‍ മാത്രം 42 ബി.എല്‍.ഒമാരെ പുതുതായി നിയമിക്കും. യോഗത്തില്‍ നിലമ്പൂര്‍ നിയോജക മണ്ഡലത്തിന്റെ ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫീസര്‍ പി.സുരേഷ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പി.എം.സനീറ, വിവിധ പാര്‍ട്ടികളെ പ്രതിനിധികൾ സംബന്ധിച്ചു.