മനോഹര സെൽഫി പോയന്റുമായി നിലമ്പൂർ കനോലി ടൂറിസം കവാടം
text_fieldsകനോലി ടൂറിസം കവാടത്തിൽ കളിമണ്ണ് കൊണ്ട് നിലമ്പൂർ ഷെരീഫ് തീർത്ത സെൽഫി പോയന്റ്
നിലമ്പൂർ: ലോക ടൂറിസം ഭൂപടത്തിൽ ഇടമുള്ള നിലമ്പൂർ കനോലി പ്ലോട്ട് കവാടത്തിൽ അതിമനോഹര സെൽഫി പോയന്റ് നിർമാണം പൂർത്തിയായി. പ്രശസ്ത ശിൽപി നിലമ്പൂർ ഷെരീഫാണ് കളിമണ്ണിൽ സെൽഫി പോയന്റ് നിർമിച്ചത്. ‘നമ്മുടെ നിലമ്പൂർ’ എന്നെഴുത്തി ചേർക്കപ്പെട്ട പോയന്റ് ഏറെ ആകർഷണീയമാണ്. ഇതിലൂടെ നിലമ്പൂർ ടൂറിസത്തിനും ചുടുമൺ ചിത്രകലക്കും പുത്തനുണർവ് നൽകാനായി.
പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം ചിത്രകല പൂർത്തീകരിച്ചത്. തേക്കിൻ നാടിന്റെ പ്രകൃതി സൗന്ദര്യം, വന്യജീവി സമ്പത്ത്, ഗോത്രവാസികൾ എന്നിവരാണ് സെൽഫി പോയന്റിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. രണ്ടുമാസം സമയമെടുത്താണ് കലാരൂപം പൂർത്തീകരിച്ചത്. ഒന്നര ലക്ഷത്തോളം രൂപ ചെലവ് വരുന്ന ടെറകോട്ട സെൽഫി പോയന്റ് നിലമ്പൂരിന്റെ മുഖമുദ്ര വിളിച്ചോതുന്നതാണ്.
ടൂറിസം കവാടത്തിന്റെ ഒരു ഭാഗത്ത് സെൽഫി പോയന്റും മറുഭാഗത്ത് 1930 ലെ നിലമ്പൂർ ചെട്ട്യങ്ങാടി പഴമയും പെരുമയും മണ്ണിൽ ചിത്രീകരിച്ച് ചിത്രകലയിലൂടെ നിലമ്പൂരിനെ അടയാളപ്പെടുത്തുകയാണ് ശിൽപി.
25 വർഷം മുമ്പാണ് ഷെരീഫ് നിലമ്പൂർ സിവിൽ എൻജിനീയറിങ് മേഖലയിൽനിന്ന് ചുടുമൺ ചിത്രനിർമിതിയിൽ എത്തുന്നത്. ആധികാരികമായി ശിൽപകല പഠിച്ചിട്ടില്ലെങ്കിലും ഷെരീഫിന്റെ വിരലുകൾക്ക് വഴങ്ങാത്ത രൂപങ്ങളില്ല. കേരള കലാമണ്ഡലത്തിലാണ് ആദ്യത്തെ ചുടുമൺ ശിൽപം ചെയ്യുന്നത്.
യു.എ.ഇ പ്രസിഡന്റ്, പോപ്പ് സിങർ കിങ് കിനോ, ശ്രീ. ശ്രീ. രവി ശങ്കർ, അല്ലു അർജുൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ പോർട്രൈറ്റ് കളിമണ്ണിൽ തീർത്ത് ലോക ശ്രദ്ധ നേടി. നബാർഡ് നാഷനൽ അവാർഡ്, റോട്ടറി ഇന്റർനാഷനൽ എക്സലെൻസ് തുടങ്ങിയ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.