വോട്ടുത്സവ ത്രില്ലിൽ നിലമ്പൂർ
text_fieldsനിലമ്പൂർ: പല ചേരികൾ, പല നിറങ്ങൾ ഇഴചേരുന്ന ജനാധിപത്യത്തിന്റെ മനോഹര കാഴ്ചയാണ് നിലമ്പൂരിലെങ്ങും. കേരളത്തിലങ്ങോളമുള്ള വിവിധ രാഷ്ട്രീയ പ്രവർത്തകരും നേതാക്കളുമാണ് മണ്ഡലത്തിലെങ്ങും.
വോട്ട് സെൽഫിയാണ് പ്രധാനം
യുവജനസംഘടന പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, സാംസ്കാരിക നായകന്മാർ, ആക്ടിവിസ്റ്റുകൾ, നടന്മാർ, രാഷ്ട്രീയ അനുഭാവികൾ... ആകെ ഉത്സവമയം. ടി.വിയിൽ മാത്രം കണ്ട നേതാക്കളെ നേരിൽ കിട്ടിയപ്പോൾ സെൽഫിയെടുത്ത് പോസ്റ്റാനാണ് പലരുടെയും ശ്രമം. വോട്ടിലല്ലേ കാര്യം, എത്ര തവണ സെൽഫിക്ക് നിന്നുകൊടുക്കാനും നേതാക്കൾക്ക് മടിയില്ല. സെൽഫി മാത്രം പോരാ, വോട്ട് കൂടി നമുക്ക് തരണം എന്ന് ഓർമിപ്പിച്ചാണ് നേതാക്കൾ വീടുകൾ കയറിയിറങ്ങുന്നത്. ഓരോ ബൂത്ത് കേന്ദ്രീകരിച്ചും കുടുംബയോഗങ്ങൾ.
ചായക്കോപ്പയിലെ തെരഞ്ഞെടുപ്പ് ആവേശം
രാഷ്ട്രീയ വർത്തമാനത്തിന് കടുപ്പം കിട്ടാൻ ചായ കൂടിയേ തീരൂ... നേതാക്കളോടൊപ്പം ചായ കുടിക്കാനും ‘സൊറ ’ പറയാനും നിലമ്പൂർ ചെട്ടിയങ്ങാടിയിലെ യു.ഡി.എഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന് മുമ്പിലെ ചായക്കടയിൽ തിരക്കോട് തിരക്കാണ്. ഒരു ദിവസം 1500 മുതൽ 2000 വരെ ചായ ചെലവാകുന്നുണ്ടെന്നാണ് കടയിലെ കാഷ്യർ ഇർഷാദ് പറയുന്നത്. ആളും ആരവവും ഒഴിഞ്ഞ നേരമില്ല. ജില്ല ആശുപത്രി റോഡിലാണ് ഇടതുമുന്നണി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ്. ചിട്ടയോടെയുള്ള പ്രവർത്തനമാണ് ഇവിടെ കാണാനാകുന്നത്. ഇരുനിലകളിൽ പ്രവർത്തിക്കുന്ന ഓഫിസിൽ നൂറുകണക്കിന് പേർ ജോലികളിൽ മുഴുകിയിരിക്കുകയാണ്.
പി.വി. അൻവറിന്റെ പഴയ എം.എൽ.എ ക്യാമ്പ് ഓഫിസ് തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ്. അൻവറിനോട് അനുഭാവം പ്രകടിപ്പിച്ച് പല ദിക്കുകളിൽനിന്നും ആളുകൾ ഇവിടെ എത്തുന്നുണ്ട്. ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എം.പിയുമായ യൂസുഫ് പത്താന്റെ ഞായറാഴ്ചത്തെ റോഡ് ഷോ ഗംഭീരമാക്കാനുള്ള തീവ്രശ്രമത്തിലാണ് ഓഫിസ്. ചന്തക്കുന്നിലാണ് എൻ.ഡി.എ ക്യാമ്പ് ഓഫിസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ കൂടുതൽ വോട്ട് നേടാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി ക്യാമ്പ്. ചന്തക്കുന്ന് വെളിയംതോടിന് സമീപമാണ് എസ്.ഡി.പി.ഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ്. എസ്.ഡി.പി.ഐയും വോട്ടുകൾ കൂട്ടാനുള്ള പ്രവർത്തനത്തിൽ കർമനിരതരാണ്.