കാട്ടുപന്നികളെ കൊല്ലാൻ നടപടി കടുപ്പിച്ച് നിലമ്പൂർ നഗരസഭ
text_fieldsനിലമ്പൂർ: ശല്യകാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ നടപടിയുമായി നിലമ്പൂർ നഗരസഭ. ശനിയാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് നടപടി കടുപ്പിക്കാൻ ഭരണസമതി തീരുമാനം. വൈസ് ചെയർപേഴ്സൻ അരുമ ജയകൃഷ്ണനാണ് ബോർഡ് യോഗത്തിനുശേഷം തീരുമാനം അറിയിച്ചത്. ആഗസ്റ്റ് അഞ്ചിന് മുമ്പായി നഗരസഭ പരിധിയിൽ കർഷകർക്ക് ശല്യക്കാരായി മാറിയ മുഴുവൻ കാട്ടുപന്നികളെയും വെടിവെച്ച് കൊല്ലും.
ഇതിനായി തോക്ക് ലൈസൻസുള്ള അംഗീകൃത ഷൂട്ടർമാരെ നിയമിച്ചു. ഷൂട്ടർമാർക്ക് വെടിവെച്ച് കൊല്ലുന്ന ഓരോ കാട്ടുപന്നിക്ക് 1500 രൂപയും ജഡം കുഴിച്ചിടുന്നതിന് 2000 രൂപയും അനുവദിക്കും. കാട്ടുപന്നി ശല്യം അതിരൂക്ഷമായ സാഹചര്യത്തിലാണ് നടപടി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ സർക്കാർ നൽകിയ അനുമതി പരമാവധി പ്രയോജനപ്പെടുത്തിയായിരിക്കും നടപടി. ഡിവിഷൻ കൗൺസിലർമാർ, കർഷകർ എന്നിവർക്ക് കാട്ടുപന്നി ശല്യത്തെകുറിച്ച് നഗരസഭയെ അറിയിക്കാം.
തെരുവ് നായ്ക്കളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ അവശരായ നായ്ക്കളെ ദയാവധത്തിന് ഇരയാക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് വൈസ് ചെയർപേഴ്സൻ അരുമ ജയകൃഷ്ണൻ പറഞ്ഞു. തെരുവ് നായ്ക്കൾ കൂട്ടംകൂടി നിൽക്കുന്ന 29 ഇടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
വെറ്ററിനറി സർജൻ ഉൾപ്പെട്ട സംഘം പരിശോധിച്ച് അവശരായി കണ്ടെത്തുന്ന നായ്ക്കളെ ദയാവധത്തിന് ഇരയാക്കും. വാർത്ത സമ്മേളനത്തിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.എം. ബഷീർ, കക്കാടൻ റഹീം, സ്ക്കറിയ ക്നാതോപ്പിൽ എന്നിവരും പങ്കെടുത്തു.