പ്രളയ പുനരധിവാസം വേഗത്തിലാക്കാന്‍ നിർദേശം
text_fieldsനിലമ്പൂര്‍: നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്. കേളുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു. 2019ലെ പ്രളയത്തില്‍ പാലവും വീടുകളും തകര്‍ന്ന് നിലമ്പൂര്‍ ഉള്‍വനത്തില്‍ ഒറ്റപ്പെട്ട 300 കുടുംബങ്ങളുടെ പുനരധിവാസമടക്കമുള്ള പ്രശ്നങ്ങൾ ഉന്നയിച്ച് ആര്യാടന് ഷൗക്കത്ത് എം.എല്‍.എ നല്കിയ നിവേദനത്തെ തുടര്‍ന്നാണ് മന്ത്രി നേരിട്ട് യോഗം വിളിച്ചത്.
പാലവും കോണ്‍ക്രീറ്റ് വീടുകളും സൗകര്യങ്ങളുമുണ്ടായിരുന്നവരാണ് പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് ആറുവര്‍ഷമായി കാട്ടില്‍ പ്ലാസ്റ്റിക് ഷെഡിൽ നരകജീവിതം നയിക്കുന്നത്. കുടിവെള്ളവും ശുചിമുറി സൗകര്യവുമില്ലാത്ത ഇവരുടെ ദുരിതം പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആര്യാടൻ ഷൗക്കത്ത് എം.എൽ.എ ഹൈകോടതിയെ സമീപിച്ചിരുന്നു.
പ്രളയത്തില്‍ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം വേഗത്തിലാക്കാന്‍ മന്ത്രി നിർദേശം നല്കി. 2019ലെ പ്രളയത്തില്‍ ഒലിച്ചുപോയ പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയിലെ ഇരുട്ടുകുത്തി കടവിലെ പുതിയ പാലത്തിന്റെ പ്രവൃത്തി വേഗത്തിലാക്കും.
2018ലെ പ്രളയത്തില്‍ തകര്‍ന്ന വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചകൊല്ലിയില് പുന്നപ്പുഴക്ക് കുറുകെ ഇരുമ്പുപാലത്തിന് പകരം പുതിയ പാലം പണിയുന്നതിന് നടപടിയെടുക്കും. പുഞ്ചകൊല്ലി, അളക്കല്‍ ഉന്നതികളിലേക്കുള്ള തകര്‍ന്ന റോഡ് പട്ടികവര്‍ഗ വകുപ്പിന്റെ കോര്‍പസ് ഫണ്ട് ഉപയോഗിച്ച് പുനര്‍നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.
ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് എന്നിവയില്ലാത്തതിന്റെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക അദാലത്ത് നടത്തും. ബിരുദമടക്കമുള്ള കോഴ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് താമസിച്ച് പഠിക്കുന്നതിനായി പുതിയ ഹോസ്റ്റല്‍ പണിയാനും തീരുമാനമായി. റവന്യൂ വകുപ്പ് കൈമാറിയ 50 സെന്റ് സ്ഥലം ഇതിനായി വിനിയോഗിക്കും.
യോഗത്തില്‍ ആര്യാടന് ഷൗക്കത്ത് എം.എല്‍.എ, പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പ് സെക്രട്ടറി കൗശികന്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. ശിവകുമാര്‍, എസ്.ടി. വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ പി.എസ്. ശ്രീജ, ജോയന്റ് ഡയറക്ടര്‍ കെ.എസ്. ശ്രീരേഖ, ടി.ആര്.ഡി.എം ഡെപ്യൂട്ടി ഡയറക്ടര്‍ സുമിന്‍ എസ്. ബാബു, ഐ.ടി.ഡി.പി ജില്ല പ്രൊജക്ട് ഓഫിസര്‍ സി. ഇസ്മയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


