നിലമ്പൂര്‍ ബൈപാസ്; സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് 55 കോടി അനുവദിച്ചു
text_fieldsനിലമ്പൂര്‍: നിലമ്പൂര്‍ ബൈപാസിനായി സ്ഥലം വിട്ടുകൊടുത്ത ഭൂ ഉടമകള്‍ക്ക് നഷ്ടപരിഹാരമായി 55 കോടി രൂപ ഉടന്‍ വിതരണം ചെയ്യുമെന്ന് ആര്യാടന് ഷൗക്കത്ത് എം.എല്‍.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം മഞ്ചേരി എക്സിക്യുട്ടീവ് എന്‍ജിനീയറുടെ പേരില്‍ ജില്ല ട്രഷറി അക്കൗണ്ടില്‍ തുക എത്തിയിട്ടുണ്ട്.
ഭൂ ഉടമകള്‍ക്ക് നഷ്ടപരിഹാര വിതരണം പൂര്‍ത്തീകരിച്ച് നിലമ്പൂര്‍ ബൈപാസ് വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് നിയമസഭയില്‍ സബ് മിഷനിലൂടെ എം.എൽ.എ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, റവന്യൂ മന്ത്രി, പൊതുമരാമത്ത് മന്ത്രി, ധനകാര്യ സെക്രട്ടറി, പൊതുമരാമത്ത് സെക്രട്ടറി എന്നിവരെ നേരില്‍ കണ്ട് നിലമ്പൂര്‍ ബൈപാസ് വേഗത്തിലാക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും സാങ്കേതിക തടസ്സങ്ങള്‍ നീക്കാനാവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗവും ചേര്‍ന്നിരുന്നു.
അന്തര്‍സംസ്ഥാന പാതയായ കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍ (കെഎന്‍.ജി)പാതയില്‍ നിലമ്പൂരിലെ ഗതാഗതക്കുരുക്കൊഴിവാക്കാനാണ് ബൈപാസ് വിഭാവനം ചെയ്തത്. 2015ല്‍ നിര്‍മാണം ആരംഭിച്ചെങ്കിലും ഒമ്പത് വര്‍ഷമായി പാതി വഴി ഉപേക്ഷിച്ച നിലയിലായിരുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ 227.18 കോടി രൂപക്ക് ഭരണാനുമതി ലഭിച്ച ആദ്യഘട്ടത്തിന് സാങ്കേതിക അനുമതിയുമായി. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനായില്ല. ഭരണാനുമതിയില്‍ ബൈപാസിനുള്ള മുഴുവന്‍ സ്ഥലവും ഏറ്റെടുത്ത ശേഷമേ നിര്‍മാണ പ്രവൃത്തി ആരംഭിക്കാന്‍ പാടുള്ളൂവെന്ന വ്യവസ്ഥയാണ് തടസ്സമായിരുന്നത്.
രണ്ടാം ഘട്ടത്തിനായി സ്ഥലം നല്‍കിയവര്‍ക്ക് പണം നല്‍കുന്നതോടെ ബൈപാസിന്റെ ഒന്നാം ഘട്ട നിര്‍മാണത്തിനുള്ള സാങ്കേതിത തടസ്സവും നീക്കാനായി. നിലമ്പൂർ ഒ.സി.കെ പടി മുതല്‍ വെളിയംതോട് വരെ ആറ് കിലോ മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് നിലമ്പൂര്‍ ബൈപാസ്. ഇതില്‍ ചക്കാലക്കുത്ത് മുതുകാട് റോഡ് ചേരുന്നത് വരെയുള്ള സ്ഥലഉടമകൾക്ക് നേരത്തേ നഷ്ടപരിഹാര തുക നല്‍കിയിരുന്നു. ഒ.സി.കെ പടി മുതല്‍ മുക്കട്ടവരെ 4.387 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഒന്നാം ഘട്ട നിര്‍മാണം ആരംഭിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു.

