15 കാരിക്കെതിരെ ലൈംഗികാതിക്രമം; 35 കാരന് 47 വർഷം തടവ്
text_fieldsസജിമോൻ
നിലമ്പൂർ: 15 കാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് 35കാരന് 47 വര്‍ഷം കഠിന തടവും 1,32,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. വഴിക്കടവ് മരുതകടവ് കീരിപ്പൊട്ടി നഗറിലെ പരലുണ്ട സജിമോൻ എന്ന ഷാജിക്കെതിരെയാണ് നിലമ്പൂർ അതിവേഗ പോക്സോ കോടതി ജഡ്ജി കെ.പി. ജോയ് ശിക്ഷ വിധിച്ചത്.
പിഴയടച്ചാൽ അതിജീവിതക്ക് നൽകാനും ഇല്ലെങ്കിൽ മൂന്ന് വര്‍ഷവും ഒരു മാസവും അധിക തടവ് അനുഭവിക്കുകയും വേണം. 2018 മുതൽ 2021 വരെ പല കാലയളവിൽ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. വഴിക്കടവ് എസ്.ഐ ആയിരുന്ന തോമസ് കുട്ടി ജോസഫാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വഴിക്കടവ് ഇന്‍സ്പെക്ടറായിരുന്ന പി. അബ്ദുല്‍ ബഷീര്‍, ഇന്‍സ്പെക്ടര്‍ കെ. രാജീവ് കുമാര്‍ എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനായി സ്പെഷല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. 21 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് ലൈസണ്‍ വിംഗിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ ജയിലിലേക്ക് അയച്ചു.