ചിരിതൂകി സൂര്യകാന്തി; അഴകേകി ചെണ്ടുമല്ലി
text_fieldsഗുണ്ടൽപേട്ടിലെ സൂര്യകാന്തി പാടം, ഗുണ്ടൽപേട്ട് മധൂറിലെ ചെണ്ടുമല്ലി പൂപ്പാടം
നിലമ്പൂർ: ഗുണ്ടല്‍പേട്ടിലെ പൂകര്‍ഷകര്‍ക്ക് ഇത് സമൃദ്ധിയുടെ കാലം. കർണാടകയിലെ പൂപ്പാടങ്ങള്‍ക്ക് ഇപ്പോള്‍ സൂര്യകാന്തി തിളക്കമാണ്. ഒപ്പം അഴകേകി ചെണ്ടുമല്ലിയും. കോവിഡ് കാലത്തെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗുണ്ടല്‍പേട്ട് വീണ്ടും പൂക്കള്‍ കൊണ്ട് അണിഞ്ഞൊരുങ്ങി. പിച്ചിപ്പൂവും ചെണ്ടുമല്ലിയും സൂര്യകാന്തിപ്പൂക്കളുമെല്ലാം പൂത്തുലഞ്ഞു നിൽക്കുന്ന പൂപ്പാടങ്ങൾ. ഓണത്തിന് മുറ്റത്ത് പൂക്കളമിടണമെങ്കിൽ പൂക്കൾ അതിർത്തി കടന്നു തന്നെ വരണം. മലയാളിയുടെ ഓണം മുന്നിൽ കണ്ട് ഗുണ്ടല്‍ പേട്ടിലെ ഗ്രാമങ്ങള്‍ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ കൂടുതല്‍ പൂക്കളാല്‍ സമൃദ്ധമാകുന്നു. മറുനാട്ടുകാര്ക്കുള്ള പച്ചക്കറിയുടെ വിളനിലമാണ് ഈ നാടെങ്കിലും ഓണക്കാലത്ത് ചെണ്ടുമല്ലി, അരളി, റോസ്, വാടാമല്ലി എന്നിവയും നിറങ്ങളുടെ വസന്തം വിരിയിക്കുന്നു. മൈസൂരിലേക്കുള്ള വഴിയില്‍ ദേശീയപാത 766ല്‍ ഗുണ്ടല്‍പേട്ട് -മധൂര്‍ റോഡ് മുതലാണ് സൂര്യകാന്തിപ്പൂക്കളും ചെണ്ടുമല്ലിയും ചിരിതൂകി നില്‍ക്കുന്നത്. പൂപ്പാടങ്ങളുടെ ചിത്രം പകര്‍ത്താനും സെല്‍ഫി എടുക്കാനും സഞ്ചാരികളുടെ തിരക്കാണിപ്പോൾ. കാര്യമായ ലാഭമില്ലാത്തതിനാല്‍ ഇത് മറികടക്കാൻ പൂപ്പാടങ്ങളിലേക്ക് കടക്കാന്‍ സഞ്ചാരികളില്‍ നിന്ന് കർഷകർ പണം വാങ്ങുന്നുണ്ട്.
കേരളത്തിലെ ഓണക്കാല വിപണി ലക്ഷ്യമിട്ടു വാടാമല്ലിയും ഗുണ്ടല്‍പേട്ടില്‍ കൃഷി ചെയ്തുവരുന്നുണ്ട്. പൂക്കളെല്ലാം വളര്‍ന്നു വിളവെടുക്കാൻ പാകപ്പെട്ടിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള ചെണ്ടുമല്ലിപ്പൂവും ഓണവിപണിക്ക് മാത്രമായി ചില പാടങ്ങളില്‍ കൃഷി ചെയ്യുന്നുണ്ട്. ഒരേക്കറിന് 250 ഗ്രാം വിത്തുകളാണ് വേണ്ടതെന്ന് കര്‍ഷകര്‍ പറയുന്നു. സാധാരണ കിലോയ്ക്ക് 30 മുതല്‍ ആണ് വില. വാടാമല്ലിക്ക് 100 വരെ കിട്ടും. ഒരേക്കറില്‍ നിന്ന് ഒന്നര ടണ്‍വരെ പൂക്കള്‍ ലഭിക്കും.
കാൽ ലക്ഷം മുതല്‍ 75,000 വരെ ഉത്പാദന ചെലവുണ്ട്. ഓണമാകുന്നതോടെ കേരളത്തിലെത്തുന്ന പൂക്കള്‍ക്ക് ഇതിലും എത്രയോ ഇരട്ടി വിലയേറും. കിലോക്ക് 300 രൂപയോളം സാധാരണ ചെണ്ടുമല്ലിപ്പൂക്കള്‍ക്ക് കേരളത്തിലെ ചെറുകിട വിപണിയില്‍ ഓണത്തോട് അനുബന്ധിച്ച് വില കയറാറുണ്ട്.