Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightകടുവകളുടെ...

കടുവകളുടെ കണക്കെടുപ്പ്: സംസ്ഥാനത്ത് നടപടിക്രമം തുടങ്ങി

text_fields
bookmark_border
Representative Image
cancel
camera_alt

പ്രതീകാത്മക ചിത്രം 

നിലമ്പൂർ: കടുവകളുടെ എണ്ണം തിട്ടപ്പെടുത്താൻ രാജ്യവ്യാപകമായി നടത്തുന്ന കണക്കെടുപ്പിന്റെ ഭാഗമായി കേരളത്തിൽ നടപടിക്രമങ്ങൾ ആരംഭിച്ചു. ആറാമത്തെ കണക്കെടുപ്പാണ് ഡിസംബര്‍ ഒന്ന് മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ നടക്കുക. മൂന്ന് ഘട്ടങ്ങളിലായാണ് കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. എട്ട് ദിവസം നീളുന്ന കണക്കെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍ പെരിയാര്‍, പറമ്പിക്കുളം കടുവ സങ്കേതങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 37 ഫോറസ്റ്റ് ഡിവിഷനുകളിലായുള്ള 673 ബ്ലോക്കുകളില്‍ ട്രാന്‍സെക്ടുകളിലും നിര്‍ദ്ദിഷ്ട പാതകളിലും സഞ്ചരിച്ച് കടുവ ഉള്‍പ്പെടെയുള്ള മാംസഭോജികളുടെയും സസ്യഭോജികളുടെയും മറ്റും സാന്നിധ്യവും വനമേഖലയുടെ ഗുണമേന്മ സംബന്ധിച്ച വിവരങ്ങളും മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രേഖപ്പെടുത്തുന്നതാണ് കണക്കെടുപ്പിലെ ഒന്നാം ഘട്ടം.

ഒന്നാം ഘട്ടത്തില്‍ ശേഖരിച്ച വിവരങ്ങളുടെ വിശകലനമാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടം കാമറ ട്രാപ്പിങ് ആണ്. തെരഞ്ഞെടുത്ത രണ്ട് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള 1,860 ഗ്രിഡുകളിലാണ് കാമറ ട്രാപ്പുകള്‍ മുഖേന വിവരശേഖരണം നടത്തുക. ലഭ്യമായ എല്ല ഡാറ്റകളും പെരിയാര്‍, പറമ്പിക്കുളം ഫൗണ്ടേഷനുകള്‍ ശേഖരിച്ച്, വിശകലനവും സംയോജനവും പൂര്‍ത്തിയാക്കി ഏപ്രിലിൽ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്ക് സമര്‍പ്പിക്കും.

കടുവകളുടെ എണ്ണം കണക്കാക്കുന്നതോടൊപ്പം മറ്റ് മാംസഭോജികളുടെ സാന്നിധ്യം, ഇരജീവികളുടെ ബാഹുല്യം, ആവാസ വ്യവസ്ഥയുടെ ഗുണനിലവാരം, മനുഷ്യ ഇടപെടലുകളുടെ സ്വാധീനം തുടങ്ങിയ ഘടകങ്ങളും ശാസ്ത്രീയമായി വിലയിരുത്തും. 2022ലാണ് ഇതിനു മുമ്പ് ദേശീയ തലത്തില്‍ കടുവകളുടെ കണക്കെടുപ്പ് നടത്തിയത്. ഇന്ത്യയിലാകെ 3,682 കടുവകളും കേരളത്തില്‍ 213 കടുവകളും ഉള്ളതായി കണ്ടെത്തിയിരുന്നു.

കണക്കെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷനുകളിലെ ജീവനക്കാർക്കുള്ള ഏകദിന പരിശീലനം നിലമ്പൂർ വനം കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ നടന്നു. നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ പി. ധനേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വയനാട് വന‍്യജീവി സങ്കേതത്തിലെ ബയോളജിസ്റ്റ് വിഷ്ണു, പറമ്പിക്കുളം വന‍്യജീവി സങ്കേതത്തിലെ വിഷ്ണു എന്നിവർ പരിശീലനം നൽകി. നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ജി. ധനിക് ലാൽ സംസാരിച്ചു.

Show Full Article
TAGS:tiger census Government of Kerala Kerala Forest and Wildlife Department 
News Summary - Tiger census: Procedure begins in the state
Next Story