ട്രഷറി ഭവന് ശോച്യാവസ്ഥയിൽനിന്ന് മോചനം; സ്വന്തം കെട്ടിടത്തിന് തറക്കല്ലിട്ടു
text_fieldsനിലമ്പൂരിൽ സബ് ട്രഷറിക്ക് സ്വന്തമായി നിർമിക്കുന്ന കെട്ടിടത്തിന് നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലിം, ജില്ല ട്രഷറി ഓഫിസർ എം.കെ. സ്മിജ എന്നിവർ ചേർന്ന് കുറ്റിയടിക്കുന്നു
നിലമ്പൂർ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ നിലമ്പൂർ സബ് ട്രഷറിക്ക് സ്വന്തം കെട്ടിടമാവുന്നു.
നഗരസഭ ഓഫിസിന് സമീപം വീട്ടിക്കുത്ത് ജങ്ഷനിൽ സർക്കാർ വക ഭൂമിയിലാണ് കെട്ടിടം ഉയരുന്നത്. 1.42 കോടി രൂപ ചെലവഴിച്ചാണ് സൗകര്യപ്രദമായ കെട്ടിടം പണിയുന്നത്.
കെട്ടിടം പണി പൂർത്തിയാവുന്നതോടെ വർഷങ്ങളായി പ്രവർത്തിക്കുന്ന വാടകകെട്ടിടത്തിന്റെ പരിമിതിക്കുള്ളിൽ നിന്നും മോചനമാവും. സ്വന്തമായി കെട്ടിടം ഇല്ലാത്ത സംസ്ഥാനത്തെ 22 ട്രഷറികൾക്ക് സ്വന്തം കെട്ടിടമെന്ന സംസ്ഥാന സർക്കാർ നയത്തിന്റെ ഭാഗമായാണ് നിലമ്പൂരിലും എടക്കരയിലും ട്രഷറികൾക്ക് സ്വന്തം കെട്ടിടം
വരുന്നത്.
സബ്ട്രഷറി കെട്ടിടത്തിന്റെ കുറ്റിയടിക്കൽ ചടങ്ങ് നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, ജില്ല ട്രഷറി ഓഫിസർ എം.കെ. സ്മിജ എന്നിവർ ചേർന്ന് നിർവഹിച്ചു.
നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സൈജി അധ്യക്ഷത വഹിച്ചു. എസ്.ടി.ഒ എം.എസ്. സുനിത, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.എം. ബഷീർ, സ്കറിയ കിനാത്തോപ്പിൽ, കൗൺസിലർമാരായ ഗോപാലകൃഷ്ണൻ, ശബരീശൻ, ട്രഷറി ഉദ്യോഗസ്ഥർ, പെൻഷനേഴ്സ് സംഘടന പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.