പൊതു സ്ഥലത്ത് മാലിന്യം തള്ളിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ
text_fieldsഅമീറുൽ ഫാരിസ്, മുഹമ്മദ് യാസർ അറാഫത്ത്
നിലമ്പൂർ: പൊതുസ്ഥലത്ത് കോഴിമാലിന്യം തള്ളിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മാലിന്യം തള്ളിയതിന് എടവണ്ണ പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനം മോഷ്ടിച്ച് വീണ്ടും ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളിയ സംഭവത്തിലാണ് രണ്ടുപേർ കൂടി അറസ്റ്റിലായത്.
എടവണ്ണ മുണ്ടേങ്ങര സ്വദേശി വെള്ളാരംപാറ മുഹമ്മദ് യാസർ അറാഫത്ത് (33), അരീക്കോട് സ്വദേശി അമീറുൽ ഫാരിസ് എന്നിവരെയാണ് എടവണ്ണ പൊലീസ് സബ് ഇൻസ്പെക്ടർ റിഷാദലി നെച്ചിക്കാടന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ നാലുപേർ അറസ്റ്റിലായി. മോഷണം, പൊതുജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ആരോഗ്യത്തിന് ഹാനികരമായി ബാധിക്കുന്ന തരത്തിലും ജലസ്രോതസ്സുകൾ മലിനമാകാനിടയാക്കുന്ന വിധത്തിലും കോഴിമാലിന്യം തള്ളൽ എന്നിവ ഉൾപ്പെടുത്തി കേരള പൊലീസ് ആക്ട്, കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരവുമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
പ്രതികളെ മഞ്ചേരി കോടതി റിമാൻഡ് ചെയ്തു. മാലിന്യം തള്ളിയ കേസിൽ നേരത്തെ അറസ്റ്റിലായ എടവണ്ണ പത്തപ്പിരിയം പോത്തുവെട്ടി സദേശി പടിഞ്ഞാറേയിൽ ലുഖ്മാനുൽ ഹക്കിം, കോഴിക്കോട് ബാലുശ്ശേരി എകരൂൽ ഉണ്ണിക്കുളം തിരുവോട്ടുപൊയിൽ അനസ് എന്നിവർ റിമാൻഡിലാണ്.