കോഴി മാലിന്യം തള്ളിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു, അതേ വാഹനം മോഷ്ടിച്ച് വീണ്ടും മാലിന്യം തള്ളി രണ്ടു യുവാക്കൾ
text_fieldsഅനസ്, ലുഖ്മാനുൽ ഹക്കിം
നിലമ്പൂർ: കോഴി മാലിന്യം തള്ളിയതിന് എടവണ്ണ പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനം മോഷ്ടിച്ച് വീണ്ടും ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് ബാലുശ്ശേരി എകരൂൽ ഉണ്ണിക്കുളം തിരുവോട്ടുപൊയിൽ അനസ് (30), എടവണ്ണ പത്തപ്പിരിയം പോത്തുവെട്ടി പടിഞ്ഞാറേയിൽ ലുഖ്മാനുൽ ഹക്കിം (45) എന്നിവരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് ഒന്നിന് കോഴി അവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യം തള്ളിയതിന് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത ലോറി എടവണ്ണ സ്റ്റേഷനിൽനിന്ന് രണ്ട് കിലോമീറ്റർ അകലെ ജമാലങ്ങാടിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് നിർത്തിയിട്ടിരുന്നത്.
ഏപ്രിൽ 16ന് രാത്രി ഇവിടെ നിന്നും ലോറി മോഷ്ടിച്ച് കോഴി മാലിന്യം കയറ്റി തുവ്വക്കാട് തലപ്പാറയിൽ തള്ളുകയായിരുന്നു. അനസിനെ കോഴിക്കോട് നിന്നും ലുഖ്മാനെ എടവണ്ണയിലെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്. ലുഖ്മാൻ രാസലഹരി കേസിൽ മുമ്പ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.