പുലി ഒന്ന് വന്നിരുന്നെങ്കിൽ; അപ്പു നാലാം നാളും കെണിക്കൂട്ടിൽ
text_fieldsപുലിയെ പിടികൂടാൻ ഒരുക്കിയ കൂട്ടിൽ അടക്കപ്പെട്ട അപ്പു എന്ന നായ്
നിലമ്പൂർ: പുലിയെ പിടികൂടാൻ മമ്പാട് എളമ്പുഴയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇപ്പോഴും അപ്പു. പുലി ഒന്ന് വന്നെങ്കിൽ തനിക്ക് മോചനമാകുമെന്ന പ്രാർഥനയിലാണ് നാലാംനാളും അപ്പു എന്ന നായ്. വ്യാഴാഴ്ച വൈകുന്നേരമാണ് മമ്പാട്ട് പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചത്.
കെണിക്കൂടിന് രണ്ട് അറകളുണ്ട്. ഒരു അറക്കുള്ളിലാണ് അപ്പുവുള്ളത്. പുലി കൂട്ടിൽ കയറിയാലും അപ്പുവിനെ തൊടാനാവില്ല. പച്ചപുതപ്പിച്ച് തണലേകുന്ന കൂട്ടിലാണെങ്കിലും ബന്ധനത്തിലാണ്. മൂന്നുനേരം സുഭിക്ഷമായ ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിലും അപ്പു തൃപ്തനല്ല. പാതിരാവിൽ വിജനമായ സ്ഥലത്തെ കെണിക്കൂട്ടിൽനിന്നും അപ്പുവിന്റെ നീട്ടിയുള്ള കരച്ചിൽ നാട്ടുകാർക്ക് കേൾക്കാം.
പുലി കൂട്ടിൽ കയറിയാൽ അപ്പുവിന് മോചനമാവും. എന്നാൽ, കൂട് സ്ഥാപിച്ച ശേഷം പ്രദേശത്ത് പുലിയെ കണ്ടവരില്ല. ഒന്നുകിൽ പുലി കൂട്ടിൽ അകപ്പെടണം. അല്ലെങ്കിൽ വനം വകുപ്പ് കൂട് ഒഴിവാക്കണം.
അതുവരെ അപ്പു കൂട്ടിൽ തന്നെ. രണ്ടുദിവസം കൂടി കെണിയൊരുക്കി തൽക്കാലം കൂട് തിരിച്ചെടുക്കാനാണ് വനം വകുപ്പ് ആലോചന.
നിലമ്പൂർ ജില്ല ആശുപത്രി പരിസരത്തെ അന്തേവാസിയാണ് അപ്പു. ജർമൻ ഇനത്തിൽപ്പെട്ട അപ്പുവിനെ റോഡരികിൽ നിന്നാണ് എമർജൻസി റെസ്ക്യൂഫോഴ്സിലെ അബ്ദുൽ മജീദിന് കിട്ടിയത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ അപ്പുവിനെ ആരോ തെരുവിൽ ഉപേക്ഷിച്ചതാണ്. മജീദാണ് രക്ഷകനായത്. ആശുപത്രിയിലെത്തിച്ച് കാലുകൾ ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്തി. നാലുമാസത്തോളം മജീദിന്റെ പരിചരണത്തിലായിരുന്നു.
പിന്നീട് ഒരു കുടുംബം അപ്പുവിനെ ദത്തെടുത്തെങ്കിലും നാലാം നാൾ നിലമ്പൂരിലെത്തി മജീദിനെ തേടിപ്പിടിച്ചു. ഒരുവർഷത്തോളമായി ജില്ല ആശുപത്രി പരസരത്ത് ആംബുലൻസ് ഡ്രൈവർമാർ, ഓട്ടോറിക്ഷ ജീവനക്കാർ, കച്ചവടക്കാർ എന്നിവരുടെ സംരക്ഷണത്തിൽ കഴിയുകയായിരുന്നു. മജീദും കൂട്ടുകാരുമാണ് അപ്പുവെന്ന് പേരിട്ടത്.