വഴിക്കടവിൽ 40 ഗ്രാം രാസലഹരിയുമായി യുവാവ് അറസ്റ്റിൽ
text_fieldsലിജു
അബ്രഹാം
നിലമ്പൂർ: ബംഗളൂരുവിൽ നിന്നും വിൽപനക്കായി കൊണ്ടുവന്ന 40 ഗ്രാം രാസലഹരിയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂത്തേടം കാരപുറം സ്വദേശി കല്ലുപുരയിൽ ലിജു എബ്രഹാമിനെ ആണ്(28) എസ്.ഐ പി.ടി. സൈഫുള്ള അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ.അബ്രഹാമിന്റെ നിർദ്ദേശപ്രകാരം രാത്രി ഒമ്പത് മണിയോടെ വഴിക്കടവ് ആനമറിയിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ലഹരി സംഘങ്ങൾക്കിടയിൽ മുരുകൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രതി ബംഗളൂരുവിൽനിന്ന് ജില്ലയിലേക്ക് നേരിട്ട് രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു. ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതി എം.ഡി.എം.എ വിൽപന നടത്തിയിരുന്നത്. രാസലഹരി ലഭിച്ച ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. രാസലഹരി കൈവശം വെച്ചതിന് പ്രതിക്കെതിരെ എക്സൈസിലും കേസ് നിലവിലുണ്ട്.
എസ്.ഐ ബി.തോമസ്, സീനിയർ സി.പി.ഒ സൂര്യകുമാർ, സി.പി.ഒ വിനു, ഡാൻസാഫ് അംഗങ്ങളായ എൻ.പി.സുനിൽ, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, പി.സജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.


