മെത്താഫെറ്റാമിനും ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ
text_fieldsസുഹൈബ്
നിലമ്പൂർ: വിൽപനക്കായി സൂക്ഷിച്ച നാലു ഗ്രാം മെത്താഫെറ്റാമിനും ഒരു ഗ്രാം ഹഷീഷ് ഓയിലുമായി യുവാവ് പൊലീസ് പിടിയിൽ. പുള്ളിപ്പാടം ഓടായിക്കൽ മേത്തലയിൽ സുഹൈബിനെയാണ് (മത്തായി -32) നിലമ്പൂർ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. ഇയാൾ കാറിൽ കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്.
ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ഓടായിക്കലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞമാസം ബീമ്പുങ്ങലിൽ വെച്ച് രണ്ടു ഗ്രാം മെത്താഫെറ്റാമിനുമായി മമ്പാട് സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടിയിരുന്നു.ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സുഹൈബിനെ നിരീക്ഷിച്ചുവരികയായിരുന്നു.
ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതി മെത്താഫെറ്റാമിൻ വിൽപന നടത്തിയിരുന്നത്. ഈ സംഘത്തിലുൾപ്പെട്ട മറ്റൊരു യുവാവ് എയർപോർട്ട് വഴി ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് അടുത്തിടെ പിടിയിലായി ഖത്തർ ജയിലിൽ കഴിഞ്ഞുവരികയാണ്. എസ്.ഐമാരായ പി.ടി. സൈഫുല്ല, ജിഷ്ണുരാജ്, സി.പി.ഒമാരായ പി.സുനു, അനസ്, ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.