അച്ചടിക്കാൻ പേപ്പറില്ല; അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റിന് അപേക്ഷിച്ചവർക്ക് കാത്തിരിപ്പ്
text_fieldsമലപ്പുറം: അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റിന് (ഐ.ഡി.പി) അപേക്ഷിച്ച പ്രവാസികൾ അടക്കമുള്ളവർ തീരാകാത്തിരിപ്പിൽ. അച്ചടിക്കാനുള്ള പ്രത്യേക പേപ്പർ ലഭ്യമല്ലെന്ന കാരണം പറഞ്ഞ് പെർമിറ്റ് വിതരണം മോട്ടോർ വാഹനവകുപ്പ് ഒരു മാസത്തോളമായി നിർത്തിവെച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഒന്നോ രണ്ടോ ദിവസങ്ങൾകൊണ്ട് ലഭിക്കേണ്ട പെർമിറ്റ് ഒരു മാസം കഴിഞ്ഞിട്ടും കിട്ടാത്ത അവസ്ഥയാണ്.
മലപ്പുറത്ത് ഒരു മാസത്തോളമായി പെർമിറ്റ് വിതരണം നിലച്ചിട്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജോയന്റ് ആർ.ടി.ഒ ഓഫിസുകളിൽ അപേക്ഷിച്ച് കാത്തിരിക്കുന്നത് നിരവധി പേരാണ്. പലരും ചുരുങ്ങിയ ദിവസങ്ങൾക്ക് നാട്ടിലെത്തിയവരാണ്. മൂന്നു പേജുള്ള പെർമിറ്റിന്റെ ആദ്യ പേജാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഹോളോഗ്രാം പതിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് അച്ചടിക്കുന്ന ഈ പേപ്പർ വിതരണം ചെയ്യേണ്ട ചുമതല സി.ഡിറ്റിനാണ്. ഡ്രൈവിങ് പെർമിറ്റ് ലഭിക്കാത്തത് വിദേശത്തേക്ക് ഉടൻ തിരിക്കേണ്ടവരുടെ യാത്രാപദ്ധതികളെയും മറ്റു കാര്യങ്ങളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുള്ള വ്യക്തിക്ക് വിദേശ രാജ്യങ്ങളിൽ താൽക്കാലികമായി വാഹനം ഓടിക്കാൻ അനുവദിക്കുന്ന സംവിധാനമാണ് ഐ.ഡി.പി. 1500 രൂപയാണ് നിലവിൽ ഇതിന്റെ അപേക്ഷാ ഫീസ്. ഇന്ത്യൻ ലൈസൻസ്, പാസ്പോർട്ട്, വിസ, എയർ ടിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ‘പരിവാഹൻ’ വഴി അപേക്ഷ നൽകാം. അപേക്ഷിച്ച് ഒരു ദിവസത്തിനുള്ളിൽ ലഭ്യമാക്കുമെന്നായിരുന്നു മോട്ടോർവാഹന വകുപ്പിന്റെ അവകാശവാദം. ഐ.ഡി.പിക്ക് സാധാരണയായി ഒരു വർഷമാണ് സാധുത. ഈ കാലയളവിനുള്ളിൽ അതത് വിദേശ രാജ്യങ്ങളിലെ ലൈസൻസ് എടുക്കണം. യൂറോപ്യൻ രാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന വിദ്യാർഥികൾ പഠനത്തിനൊപ്പം പാർട്ട്ടൈം തൊഴിൽകൂടി ചെയ്യാറുണ്ട്. എളുപ്പത്തിൽ ലഭിക്കുന്ന ജോലിയാണ് ഓൺലൈൻ ഷോപ്പിങ് കമ്പനികളുടെ വിതരണ ജോലി. ഇതിന് ഈ പെർമിറ്റ് അത്യാവശ്യമാണ്.
ഐ.ഡി.പി വിതരണം നിർത്തിയത് ഇങ്ങനെയുള്ള വിദ്യാർഥികളെയും ബാധിക്കുന്നുണ്ട്.


