ടൗൺ വികസനം കടലാസിൽ; മങ്കടയിൽ ദുരിതയാത്ര
text_fieldsമങ്കട ടൗണിൽ ഇന്നലെ വൈകീട്ടുണ്ടായ ഗതാഗതക്കുരുക്ക്
മങ്കട: മങ്കട ടൗൺ നവീകരണം കടലാസിലൊതുങ്ങിയതോടെ ടൗണിലെ യാത്രദുരിതം ഇരട്ടിയായി. നിരന്തരം ഗതാഗതക്കുരുക്കിനാൽ യാത്രക്ലേശം അനുഭവപ്പെടുന്ന മങ്കട മേലെ ജങ്ഷനിലൂടെയുള്ള യാത്ര ദിനേനയെന്നോണം ദുരിതമായിക്കൊണ്ടിരിക്കുകയാണ്. തിരക്കിൽ ആംബുലൻസുകളും പലപ്പോഴും കുടുങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ആംബുലൻസുകൾ കടന്നുപോകാനാകാതെ മിനിറ്റുകളോളം കുടുങ്ങിയ സാഹചര്യമുണ്ടായി.
നാലും കൂടിയ മങ്കട മേലെ ജങ്ഷനിൽ ട്രാഫിക് നിയന്ത്രിക്കാൻ ആളില്ലാത്ത സാഹചര്യത്തിലാണ് മണിക്കൂർ നീളുന്ന ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. കുരുക്കിൽ മഞ്ചേരി മെഡിക്കൽ കോളജിലേക്കും മറ്റും പോകുന്ന ആംബുലൻസുകൾക്കാണ് തടസ്സം നേരിടുന്നത്. മങ്കട മേലേ ജങ്ഷനിലാണ് പ്രശ്നം രൂക്ഷം.
വർഷങ്ങൾ മുമ്പുതന്നെ ബസ് സ്റ്റോപ്പുകൾ മാറ്റി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ ആളുകൾ നിൽക്കുന്ന ഭാഗത്ത് പഴയപടി ആളുകൾ നിൽക്കുന്ന ഭാഗത്താണ് ബസുകൾ നിർത്തുന്നത്. ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. മങ്കട ടൗൺ വികസനം വർഷങ്ങളായി കേൾക്കുന്നതാണെങ്കിലും എല്ലാവരും ഇപ്പോൾ കൈയൊഴിഞ്ഞ മട്ടാണ്. ഇതോടെ ഗതാഗതവും വാഹന പാർക്കിങ്ങും തോന്നിയപോലെയായി.
ഇടക്കിടെയുണ്ടാകുന്ന ഗതാഗതക്കുരുക്ക് യാത്രക്കാർക്കും ടൗണിലെ വ്യാപാരികൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പാലക്കത്തടം മുതൽ മങ്കട ടൗൺ ഉൾപ്പെടുന്ന ഭാഗം നവീകരണത്തിന് ഫണ്ട് പാസായിട്ടുണ്ടെന്ന് കഴിഞ്ഞ വർഷം മുതൽ പറയുന്നുണ്ടെങ്കിലും ഇതുവരെ ഒരു പ്രവർത്തനവും നടന്നിട്ടില്ല. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടന്നുപോകാൻ പോലും കഴിയാത്ത സാഹചര്യമാണിപ്പോൾ മേലെ ജങ്ഷനിലുള്ളത്.