പേടിക്കണം, ഇവിടെ റോഡ് കടക്കാൻ
text_fieldsമലപ്പുറം-മഞ്ചേരി റോഡിലെ കുന്നുമ്മലിൽ വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ച് കടക്കുന്നവർ
മലപ്പുറം: കുതിച്ചുപാഞ്ഞ് വരുന്ന വാഹനങ്ങൾക്കിടയിലൂടെ പ്രാണനെ മുറുകെ പിടിച്ച് വേണം കാൽനടയാത്രക്കാർക്ക് ഈ റോഡ് മുറിച്ചുകടക്കാൻ. മലപ്പുറം-മഞ്ചേരി റോഡിൽ കോട്ടക്കുന്നിൽ നിന്നിറങ്ങുന്ന ഭാഗത്താണ് സീബ്രാലൈൻ ഇല്ലാത്തതിനാൽ യാത്രക്കാർ പ്രയാസമുനുഭവിക്കുന്നത്.
ഇവിടെ പോസ്റ്റ് ഓഫിസിന് മുന്നിലുള്ള ക്രോസ് റോഡിലൂടെ പെരിന്തൽമണ്ണ റോഡിലേക്ക് കടക്കാമെന്നതിനാൽ കാൽനടയാത്രക്കാരുടെ ഒഴുക്കാണ് മിക്ക സമയങ്ങളിലും. സ്കൂൾ, ഓഫിസ് വിടുന്ന സമയങ്ങളിൽ വലിയ തിരക്കാണ്. മഞ്ചേരി ഭാഗത്തേക്കും തിരിച്ചും വാഹനങ്ങൾ ചീറിപ്പാഞ്ഞുവരുമ്പോൾ കാൽനടയാത്രക്കാരന് റോഡ് മുറിച്ചുകടക്കൽ വെല്ലുവിളിയാണ്.
നാലുവർഷം മുമ്പ് ഇവിടെയുണ്ടായിരുന്ന സീബ്രാലൈൻ മാഞ്ഞുപോയതാണ്. സ്കൂൾ വിദ്യാർഥികളും ജോലിക്കാരുമാണ് ഏറ്റവും ബുദ്ധിമുട്ടുന്നത്. ഏറെ തിരക്കുള്ള ഈ ഭാഗത്ത് ബസ് സ്റ്റോപ്പും ഉണ്ട്. ബസുകളെ മറികടന്നു വരുന്ന വാഹനങ്ങൾ ഭീഷണിയാണ്. മഞ്ചേരിഭാഗത്തുനിന്ന് ഇറക്കവും വളവും കഴിഞ്ഞ് വരുന്ന വാഹനങ്ങൾക്ക് അമിതവേഗതയാണ്. നൂറുകണക്കിന് യാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ വാഹന യാത്രക്കാരന്റെ കനിവിനായി കാത്തുനിൽക്കണം.
കോട്ടക്കുന്നിലേക്കുള്ള ജങ്ഷനായതിനാൽ സഞ്ചാരികളും ഏറെയാണ്. കുന്നുമ്മൽ, കൊണ്ടോട്ടി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് മുൻവശത്തും സീബ്രാലൈനുകൾ ഇല്ല. ഈ ഭാഗത്ത് പഴയ സീബ്രാലൈൻ പുനഃസ്ഥാപിക്കണമെന്നാണ് കാൽനടയാത്രക്കാരുടെ ആവശ്യം. അധികൃതരുടെ അനാസ്ഥ അപകടം ക്ഷണിച്ചുവരുത്തുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.