ആവേശം നിറച്ച് 22മാത് ഉത്തര മേഖല ജലോത്സവം സമാപിച്ചു; മൈത്രി വെട്ടുപാറ ജലരാജാവ്
text_fieldsകീഴുപറമ്പ്: 22ാമത് ഉത്തര മേഖല ജലോത്സവത്തിൽ വാശിയേറിയ ഫൈനൽ മത്സരത്തിൽ മൈത്രി വെട്ടുപാറ ജേതാക്കളായി. രണ്ടാം സ്ഥാനം സി.കെ.ടി.യു ചെറുവാടിയും മൂന്നാം സ്ഥാനം കളേഴ്സ് പഴംപറമ്പും കരസ്ഥമാക്കി. മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള 12 ടീമുകളാണ് ജലോത്സവത്തിൽ പങ്കെടുത്തത്.
മലപ്പുറം ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ കീഴുപറമ്പ് സി.എച്ച് ക്ലബും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും നെഹ്റു യുവ കേന്ദ്രയും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. ഒമ്പത് അംഗങ്ങൾ തുഴയുന്ന ചെറുവള്ളങ്ങളുടെ ആവേശ മത്സരങ്ങൾ വീക്ഷിക്കാൻ ആയിരങ്ങളാണ് ചാലിയാറിന്റെ എടശ്ശേരി കടവിന്റെ ഇരുകരകളിലേക്കായി മലപ്പുറം, കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽനിന്ന് ഒഴുകിയെത്തിയത്. ഒടുവിൽ ഫൈനൽ മത്സരത്തിനുള്ള വിസിൽ വൈകീട്ട് മുഴങ്ങിയതോടെ ആവേശം ഇരട്ടിയായി.
ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ മൈത്രി വെട്ടുപാറ ജേതാക്കളായി. 35 വർഷമായി തുടർന്നുവരുന്ന മലബാറിലെ ഏറ്റവും വലിയ ജലോത്സവമായ സി.എച്ച് ഉത്തരമേഖല ജലോത്സവത്തെ ചാലിയാറിലെ വേൾഡ്കപ്പ് എന്നാണ് ജലോത്സവ പ്രേമികൾക്കിടയിൽ അറിയപ്പെടുന്നത്. ജലോത്സവത്തിന്റെ ഫ്ലാഗ് ഓഫ് കലക്ടർ വി.ആർ. വിനോദ് നിർവഹിച്ചു. ഉദ്ഘാടന സമ്മേളനം പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. പി.വി. സുബൈർ അധ്യക്ഷത വഹിച്ചു. ടി.വി. ഇബ്രാഹിം എം.എൽ.എ, പി.എ. ജബ്ബാർ ഹാജി, റൈഹാനത്ത് കൂറുമാടൻ, എം.കെ. ഫാസിൽ, ശശികുമാർ, കെ.കെ. അബ്ദുറഷീദ്, സി.പി. റഫീഖ്, ഇസ്മാഈൽ ചാലിൽ, കെ.പി. സഈദ്, പി.പി. റഹ്മാൻ, സി.എച്ച്. ഗഫൂർ, കെ.കെ. അഹമ്മദ് കുട്ടി, പി.കെ. കമ്മദ് കുട്ടി ഹാജി, വി.പി. സഫിയ, രത്ന കുമാരി എന്നിവർ സംസാരിച്ചു.
ജേതാക്കൾക്കുള്ള പി.കെ. സുൽഫിക്കർ മെമ്മോറിയൽ ട്രോഫി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം നൽകി. വൈ.പി. നിസാർ, കെ.സി.എ ശുക്കൂർ, വൈസി മഹബൂബ്, മുഹ്സിൻ കോളക്കോടൻ, സി.എച്ച്. നസീഫ്, ലിയാകത്തലി, മുഹമ്മദ് കിഴക്കയിൽ, പി.കെ. സുനാസ്, എം.കെ. ഷാജഹാൻ, സി.സി. ശിഹാബ് എന്നിവർ സംസാരിച്ചു.