കരിപ്പൂർ വിമാനദുരന്തത്തിന് ഒരു വർഷം; കണ്ണീർ വീണ റൺവേക്ക് താഴെ അവർ ഒത്തുചേർന്നു
text_fieldsകരിപ്പൂർ വിമാനാപകടത്തിെൻറ ഒന്നാം വാർഷിക ദിനത്തിൽ കൊണ്ടോട്ടി നഗരസഭ അപകടസ്ഥലത്ത് നടത്തിയ സ്മരണ സംഗമം
കൊണ്ടോട്ടി: ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയവരോട് നന്ദി പറഞ്ഞ്, കണ്ണീർ വീണ റൺവേക്ക് താഴെ അവർ വീണ്ടും സംഗമിച്ചു. വേദനകൾ കടിച്ചമർത്തി ഒരു വർഷം ജീവിതത്തോട് പൊരുതിയ അനുഭവങ്ങൾ കരിപ്പൂർ വിമാനദുരന്ത ഇരകൾ പറഞ്ഞപ്പോൾ എല്ലാവരുടെയും ഉള്ള് പിടഞ്ഞു. അപകടത്തിെൻറ ഒന്നാം വാർഷികത്തിൽ മലബാർ െഡവലപ്മെൻറ് ഫോറമാണ് ദുരന്തത്തിന് ഇരകളായവരുടെയും മരിച്ചവരുടെ കുടുംബങ്ങളുടെയും രക്ഷാപ്രവർത്തകരുടെയും സംഗമത്തിന് അപകടസ്ഥലത്തിന് സമീപം വേദിയൊരുക്കിയത്. പരിക്കേറ്റ മിക്ക യാത്രികരും സംഗമത്തിനെത്തി.
അപകടവും ആശുപത്രിവാസവും തുടർ ചികിത്സകളുമായി മുന്നോട്ടുപോകുന്നതിെൻറ കയ്പേറിയ അനുഭവം അവർ പങ്കുെവച്ചു. പലർക്കും വിമാന ലാൻഡിങ് നടക്കുമ്പോഴുണ്ടായ ശബ്ദവും കുലുക്കവുമാണ് ഇപ്പോഴും ഒാർമയിലുള്ളത്. നാദാപുരം ഇയ്യൻകോട് സ്വദേശി മുടോറ അഷ്റഫ്, 15 ദിവസത്തിനു ശേഷം ബോധം തിരിച്ചുകിട്ടിയ ശേഷമാണ് യാത്ര ചെയ്ത വിമാനം അപകടത്തിൽപ്പെട്ട കാര്യം പോലും തിരിച്ചറിയുന്നത്. സാരമായ പരിേക്കറ്റ അഷ്റഫിന് 10 ശസ്ത്രക്രിയയാണ് ഇതുവരെ കഴിഞ്ഞത്. ഇപ്പോഴും എഴുന്നേറ്റ് നടക്കാനായിട്ടില്ല. കൊണ്ടോട്ടി നഗരസഭ, വിവിധ രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെ നേതൃത്വത്തിലും ശനിയാഴ്ച ഓർമദിനം സംഘടിപ്പിച്ചു.
മലബാര്‍ െഡവലപ്െമൻറ് ഫോറം കരിപ്പൂര്‍ വിമാനദുരന്ത
ഓര്‍മദിനത്തില്‍ സംഘടിപ്പിച്ച സംഗമം എം.കെ. രാഘവന് എം.പി ഉദ്ഘാടനം ചെയ്യുന്നു
കൈപിടിച്ച് ഉയർത്തിയവർക്ക് നന്ദി പറഞ്ഞാൽ തീരില്ല
''മരണം മുഖാമുഖം കണ്ട സമയം, റൺവേക്ക് താഴെ പതിച്ച വിമാനം കത്തിച്ചാമ്പലാകുമോ എന്ന ഭയം, ജീവനായുള്ള നിലവിളിക്കിടയിൽ രക്ഷകരായി നിരവധി കരങ്ങൾ, ജീവൻ നിലനിൽക്കുവോളം കാലം ഈ പ്രദേശത്തുകാരെ മറക്കില്ല'' -വളാഞ്ചേരി പെരുമ്പാൾ സ്വദേശി ആഷിക്കിന് രക്ഷാപ്രവർത്തകരെക്കുറിച്ച് പറയുമ്പോൾ വാക്കുകൾ മുറിഞ്ഞു.
സംഗമത്തിനെത്തിയവർക്കെല്ലാം രക്ഷകരെക്കുറിച്ച് പറയുമ്പോൾ നൂറ് നാവായിരുന്നു. ഈ കരങ്ങൾ ചേർത്തുപിടിച്ചവരെ എന്നും ഓർമിക്കാൻ കരിപ്പൂരിൽ ഒരു സ്ഥാപനം പണിയാനുള്ള ആഗ്രഹത്തിലാണ് അപകടത്തിൽ ഇരകളായവർ.
ഇനിയെന്ത്?
ജീവിതം എങ്ങനെ മുേന്നാട്ടുകൊണ്ടുപോകുമെന്ന ചോദ്യം മാത്രമാണ് പലർക്ക് മുന്നിലും. പരിക്കേറ്റവരിൽ പകുതിയോളം പേർക്കും നഷ്ടപരിഹാരം ലഭിച്ചില്ല. കിട്ടിയവർക്കാകട്ടെ നാമമാത്ര തുകയും.
പെരുമ്പാൾ സ്വദേശി ആഷിക്ക്, കൂടെ ജോലി ചെയ്തിരുന്ന സഹോദരൻ ഷഹീൻ, അലി കൊയിലാണ്ടി, ഷംസുദ്ദീൻ കോഴിക്കോട് എന്നിവർ കോവിഡ് സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ടാണ് നാട്ടിലേക്ക് മടങ്ങിയത്. സാരമായി പരിക്കേറ്റ നാലുപേർക്കും നഷ്ടപരിഹാരമായി ഒന്നും ലഭിച്ചില്ല.
നഷ്ടപരിഹാരം ലഭിക്കുന്നതുവരെ പോരാട്ടം –എം.പി
കൊണ്ടോട്ടി: മുഴുവന്‍ പേർക്കും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതു വരെ നിയമ പോരാട്ടം നടത്തുമെന്ന് എം.കെ. രാഘവന് എം.പി പറഞ്ഞു. ഓര്‍മദിനത്തില്‍ മലബാർ െഡവലപ്മെൻറ് ഫോറം സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപകടം എങ്ങനെയുണ്ടായെന്നത് അധികൃതര്‍ വിശദീകരിക്കണം. വിമാനത്താവളത്തിെൻറ പോരായ്മയല്ല കാരണമെന്ന് പറയുന്ന അധികൃതര്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫോറം ചെയർമാൻ യു.എ. നസീര്‍ അധ്യക്ഷത വഹിച്ചു. ടി.വി. ഇബ്രാഹീം എം.എൽ.എ, അബ്ദുറഹിമാന് ഇടക്കുനി, കൊണ്ടോട്ടി നഗരസഭ ചെയര്പേഴ്സൻ സി.ടി. ഫാത്തിമത്ത് സുഹ്റാബി, ഒ.കെ. മൻസൂർ ബേപ്പൂർ, പി.എം.എ ഗഫൂർ എന്നിവർ സംസാരിച്ചു.
മരണമില്ലാത്ത ഓർമകളിൽ..കരിപ്പൂരിൽ സ്മരണ സംഗമം
കൊണ്ടോട്ടി: കരിപ്പൂർ വിമാനാപകടത്തിെൻറ ഒന്നാം വാർഷിക ദിനത്തിൽ കൊണ്ടോട്ടി നഗരസഭ അപകടത്തിൽ മരിച്ചവരെയും പരിേക്കറ്റവരെയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി കൊണ്ടോട്ടിയുടെ മാനവികമുഖം ലോകത്തിനു കാണിച്ചുകൊടുക്കുകയും ചെയ്ത രക്ഷാപ്രവർത്തകരെയും സ്മരിച്ച് അപകടസ്ഥലത്ത് സ്മരണ സംഗമം നടത്തി.
നഗരസഭ കൗൺസിലർമാർ, രക്ഷാപ്രവർത്തകർ, അപകടം സംഭവിച്ച വിമാനത്തിലെ യാത്രക്കാരുടെ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
ചെയർപേഴ്സൻ സി.ടി. ഫാത്തിമത്ത് സുഹ്റ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സനൂപ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് മടാൻ, മുഹിയുദ്ദീൻ അലി, അബീന പുതിയറക്കൽ, റംല കൊടവണ്ടി, കൗൺസിലർമാരായ കെ.പി. ഫിറോസ്, കെ.പി. നിമിഷ, രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ജുനൈദ് മുക്കൂട് എന്നിവർ സംസാരിച്ചു.
കൊണ്ടോട്ടി: കരിപ്പൂർ വിമാന ദുരന്തത്തിെൻറ ഒന്നാം വാർഷികത്തിൽ പ്രവാസി വെൽഫെയർ ഫോറം സംഘടിപ്പിച്ച അനുസ്മരണ പരിപാടി വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി അംഗം സലീം വാഴക്കാട് ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ കുന്നുമ്മൽ, മോയിൻകുട്ടി കൊട്ടപ്പുറം, അബ്ദുറഹ്മാൻ ചിറയിൽ എന്നിവർ സംസാരിച്ചു.
കൊണ്ടോട്ടി: കരിപ്പൂർ വിമാന ദുരന്തത്തിെൻറ ഒന്നാം ഓർമദിനത്തിൽ എ.ഐ.വൈ.എഫ് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി 'സ്മരണാഞ്ജലി' സംഘടിപ്പിച്ചു. പ്രവാസി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് അനീഷ് വാഴയൂർ അധ്യക്ഷത വഹിച്ചു.
ജില്ല പ്രസിഡൻറ് അഡ്വ. കെ.കെ. സമദ്, പുലത്ത് കുഞ്ഞു, സി.പി. നിസാർ, പി.സി. മണി, നാസർ, ശുഹൈബ്, കെ.പി. അസീസ് ബാവ, കൗൺസിലർ കെ.പി. സൽമാൻ എന്നിവർ സംസാരിച്ചു.
കൊണ്ടോട്ടി: കരിപ്പൂർ മേഖല യൂത്ത് ലീഗ് കമ്മിറ്റി വിമാന ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരുടേയും അപകടത്തിൽ രക്ഷപ്പെട്ടവരുടേയും സംഗമം നടത്തി. പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.വി. ഇബ്രാഹിം എം.എൽ.എ, ചെമ്പൻ മുഹമ്മദലി, ശരീഫ് കുറ്റൂർ, അഷ്റഫ് വാളൂർ, സി. ജാസിർ, വി. ഷബീറലി, കെ. വീരാൻ കുട്ടി, എം. യൂസഫ്, ടി. മൂസക്കുട്ടി, കെ. റഹീം, കെ.ടി. ഫിറോസ്, വൈ. അർഷദ്, പി.ടി. ജലീൽ, നൗഷാദ് ഈത്ത, കെ. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.