പാലക്കത്താഴം ബണ്ട് നിർമാണത്തിനിടെ ഇടിഞ്ഞുതാഴ്ന്നു
text_fieldsപൊന്നാനി കോൾ പടവിലെ അരോടി പാലക്കത്താഴം ബണ്ട് നിർമാണ പ്രവൃത്തികൾക്കിടെ ഇടിഞ്ഞുതാഴ്ന്നപ്പോൾ
എരമംഗലം: പൊന്നാനി- തൃശൂർ കോൾ സമഗ്ര വികസന പ്രവൃത്തികളുടെ ഭാഗമായി നിർമിക്കുന്ന എരമംഗലം അരോടി പാലക്കത്താഴം ബണ്ട് ഇടിഞ്ഞുതാഴ്ന്നു. രണ്ട് പതിറ്റാണ്ടായി തരിശായി കിടക്കുന്ന സ്ഥലമാണിത്. കൃഷി പുനരാരംഭിക്കാൻ ഒരാഴ്ച മുമ്പാണ് ബണ്ട് നിർമാണം ആരംഭിച്ചത്.
150ഓളം ഏക്കർ പാടശേഖരത്ത് സർക്കാർ അനുവദിച്ച 1.9 കോടി രൂപ ചെലവിലാണ് ബണ്ട് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിലുള്ള ബണ്ട് 500 മീറ്റർ പൂർത്തിയാകുമ്പോഴേക്കും 30 മീറ്ററോളം മണ്ണ് താഴ്ന്ന് ബണ്ട് തകരുകയായിരുന്നു.
ചളി സിങ്ക് ആയതാണ് ബണ്ട് താഴാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. ബണ്ട് താഴ്ന്ന ഭാഗത്ത് തെങ്ങിൻ തടികൾ ഉപയോഗിച്ച് വീണ്ടും മണ്ണിട്ട് ഉയർത്തണമെന്ന് പൊന്നാനി കോൾ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ജൂണോടെ നിർമാണം പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്. തകർന്ന ഭാഗത്തെ ബണ്ട് പുനർനിർമിച്ച് ബാക്കിയുള്ളവ മഴക്കാലത്തിന് മുമ്പ് തീർക്കണമെന്ന് കർഷകർ ആവശ്യെപ്പട്ടു.