പാഴ്വസ്തുക്കൾ ഉപയോഗിച്ച് വിമാനം
text_fieldsസ്വന്തമായി നിർമിച്ച വിമാനവുമായി മുഹമ്മദ് ഹാദിയും മുഹമ്മദ് ഷാദിലും അധ്യാപകർക്കും
സ്കൂൾ അധികൃതർക്കുമൊപ്പം
പാണ്ടിക്കാട്: ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ഏത് സ്വപ്നവും സാക്ഷാത്കരിക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് കഴിഞ്ഞദിവസം പാണ്ടിക്കാട്ട് വാനിലുയർന്ന് പറന്നത്. കൊടശ്ശേരി ഗൈഡൻസ് പബ്ലിക് സ്കൂൾ വിദ്യാർഥികളായ ഹാദിയുടെയും ഷാദിലിെൻറയും ദീർഘകാലത്തെ സ്വപ്നം സാക്ഷാത്കരിച്ചത്, സ്വന്തമായി രൂപകൽപന ചെയ്ത വിമാനം ആകാശത്ത് പരീക്ഷണ പറക്കൽ നടത്തിയപ്പോഴാണ്. ഒമ്പതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഹാദിയുടെയും എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷാദിലിന്റെയും മാസങ്ങളായുള്ള ഗവേഷണത്തിന്റെയും ആസൂത്രണത്തിന്റെയും ഫലമായാണ് വിമാന നിർമാണം പൂർത്തിയായത്. പാഴ്വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച വിമാനം ബാറ്ററി ചാർജിന്റെ സഹായത്തിലാണ് പറക്കുന്നത്.
ഹാദിയാണ് വിമാന നിർമാണമെന്ന ആശയം പങ്കുവെക്കുന്നത്. അധ്യാപകർ, സ്കൂൾ മാനേജ്മെൻറ്, രക്ഷിതാക്കൾ എന്നിവരുടെ മാർഗനിർദേശവും മെന്റർ ജുനൈദ് തലപ്പാറയുടെ പിന്തുണയും കൂടിയായപ്പോൾ ഇരുവരും സ്വപ്നസാക്ഷാത്കാരത്തിന് അക്ഷീണം പ്രയത്നിക്കുകയായിരുന്നു. സ്കൂൾ ഒഴിവുസമയങ്ങളിലായിരുന്നു നിർമാണം.
വിമാനത്തിന്റെ വിജയകരമായ പറക്കൽ സ്കൂളിലും പ്രദേശവാസികളിലും ആവേശം തീർത്തു. സ്കൂൾ പ്രിൻസിപ്പൽ ഹംസ മേലേതിൽ, മാനേജർ അബ്ദുസ്സ്വബൂർ സഖാഫി എന്നിവർ വിദ്യാർഥികളെ അഭിനന്ദിച്ചു. മുഹമ്മദ് ഹാദി വീതനശ്ശേരി വെള്ളുവമ്പാലി മുഹമ്മദ് അബ്ദുറഹീമിന്റെയും റഹിയാനയുടെയും മകനാണ്.
സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷാദിൽ ചെമ്പ്രശ്ശേരി ഈസ്റ്റ് എരൂത്ത് മുഹമ്മദ് ഷഫീഖിന്റെയും ലബീബയുടെയും മകനാണ്. സോഷ്യൽ മീഡിയയിലും മറ്റുമായി അഭിനന്ദന പ്രവാഹമാണ് ഈ കൊച്ചുമിടുക്കരെ തേടിയെത്തുന്നത്. നാല് ദിവസത്തിനകം 30 ലക്ഷത്തിനടുത്ത് ആളുകളാണ് ഇൻസ്റ്റഗ്രാമിൽ വിമാനം പറത്തുന്ന വിഡിയോ കണ്ടത്.