പാണ്ടിക്കാട് അങ്ങാടിയിൽ അപകടം തുടർക്കഥ
text_fieldsപാണ്ടിക്കാട് ജങ്ഷനിൽ കഴിഞ്ഞദിവസം അർധരാത്രി ലോറിയുമായി കൂട്ടിയിടിച്ച കാർ
പാണ്ടിക്കാട്: രാത്രികാലങ്ങളിൽ പാണ്ടിക്കാട് ജങ്ഷനിൽ അപകടം പതിവാകുന്ന സാഹചര്യത്തിൽ സൂചനാബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. ചൊവ്വാഴ്ച പുലർച്ചെ 2.30ന് കാറും ലോറിയും കൂട്ടിയിടിച്ചതാണ് അവസാന അപകടം. മൈസൂരുവിൽനിന്ന് കോട്ടയത്തേക്ക് പോകുന്ന ലോറിയും മഞ്ചേരി റോഡിൽനിന്ന് മേലാറ്റൂർ ഭാഗത്തേക്ക് പോകുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ കാർ യാത്രികരെ ആദ്യം പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്കും മാറ്റി. നിലമ്പൂർ-പെരിന്തൽമണ്ണ റോഡും പാലക്കാട്-കോഴിക്കോട് റോഡും സംഗമിക്കുന്ന ജങ്ഷനാണിത്.
നാലു റോഡുകളിൽനിന്ന് വാഹനങ്ങൾ വരുന്നത് തിരിച്ചറിയാനാവാതെ കൂട്ടിയിടിക്കുകയാണ്. ഇത് പരിഹരിക്കാൻ റിഫ്ലക്ടർ സൂചന ബോർഡുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്. രാത്രി കച്ചവട സ്ഥാപനങ്ങൾ അടഞ്ഞുകഴിഞ്ഞാൽ ദൂരെനിന്ന് ഇവിടെ ജങ്ഷനാണെന്ന് തിരിച്ചറിയാനാവാത്ത സ്ഥിതിയാണ്. ആദ്യമായി ഇതുവഴി വരുന്ന അന്തർസംസ്ഥാന ഡ്രൈവർമാരാണ് പലപ്പോഴും അമളി പിണഞ്ഞ് അപകടത്തിൽ ചാടുന്നത്.
നാലു റോഡുകളിലും ജങ്ഷനാണെന്ന് സൂചിപ്പിക്കുന്ന റിഫ്ലക്ടർ ബോർഡുകൾ സ്ഥാപിക്കണമെന്ന് പാണ്ടിക്കാട് ഡെവലപ്മെൻറ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. പ്രസിഡൻറ് സി.കെ.ആർ. ഇണ്ണിപ്പ അധ്യക്ഷത വഹിച്ചു. പി.എ. റസാഖ്, കെ. സുബൈർ, പി. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.