നിരവധി കേസുകളിൽ പ്രതികളായ അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ
text_fieldsപാണ്ടിക്കാട്: നിരവധി കേസുകളിൽ പ്രതികളായ അന്തർസംസ്ഥാന മോഷ്ടാക്കൾ പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായി. മക്കരപ്പറമ്പ് സ്വദേശി കാളന്തോടൻ വീട്ടിൽ അബ്ദുൽ കരീം (40), വറ്റലൂർ സ്വദേശി പുളിയൻമടത്തിൽ വീട്ടിൽ അബ്ദുല്ലത്തീഫ് (32) എന്നിവരാണ് പിടിയിലായത്. രാത്രി പട്രോളിങ്ങിനിടെ പാണ്ടിക്കാട് കുറ്റിപ്പുളിയിൽ റോഡരികിൽ നിർത്തിയിട്ട മാരുതി കാറിൽനിന്ന് മോഷണ ഉപകരണങ്ങളുമായാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
പൊലീസിനെ കണ്ടതോടെ അതിവേഗം മുന്നോട്ടെടുത്ത് ഓടിച്ചുപോകാൻ ശ്രമിക്കുകയായിരുന്നു. തടഞ്ഞുനിർത്തി വാഹനം പരിശോധിച്ചപ്പോൾ മോഷണത്തിന് ഉപയോഗിക്കുന്ന വലിയ സ്ക്രൂ ഡ്രൈവറുകൾ, മുഖംമൂടി, കൈയുറ, റെയിൻ കോട്ട്, ടോർച്ച്, ഹെൽമറ്റ്, ബാഗ് എന്നിവ കണ്ടെത്തി.
ഇവർക്കെതിരെ സംസ്ഥാനത്തെ 64 സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സി.ഐ കെ. റഫീഖ്, എസ്.ഐ രാധാകൃഷ്ണൻ, എസ്.സി.പി.ഒമാരായ അനിൽ കുമാർ, ശാന്റി, സി.പി.ഒമാരായ ജിഗേഷ്, രജീഷ്, അരുൺ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.