വീട് കയറി അക്രമം; പ്രതികളുമായി തെളിവെടുപ്പ് നടത്തി
text_fieldsകുറ്റിപ്പുളിയിൽ വീട്ടിൽ അതിക്രമിച്ച് കയറി കവർച്ച നടത്താൻ ശ്രമിച്ച പ്രതികളെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോൾ
പാണ്ടിക്കാട്: കുറ്റിപ്പുളിയിൽ വീട് കയറി ആക്രമിച്ച് കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഡിസംബർ 29ന് ഉച്ചക്ക് ചക്കാലക്കുന്നൻ അബ്ദുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഭവത്തിൽ പത്ത് പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കോഴിക്കോട് ബേപ്പൂർ സ്വദേശി കെ.വി. അനീസ് (26), കല്ലായി സ്വദേശി ചക്കക്കടവ് അബ്ദുൽ റാഷിഖ് (41), പന്തീരങ്കാവ് സ്വദേശി കൊല്ലക്കാരൻ നിജാസ് (40), കൊയിലാണ്ടി സ്വദേശി കാളക്കാടി മുഹമ്മദ് ആരിഫ്(36), മാറാട് സ്വദേശി ക്ലായി മുഹമ്മദ് ഷെഫീർ (35) എന്നിവരാണ് വീട്ടിൽ കയറി വീട്ടുകാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയത്. വീട്ടുകാർ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തുകയും അനീസിനെ പിടികൂടുകയും ചെയ്തു.
അനീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റു നാല് പേരെയും, പിന്നീട് ഇതിന് പിന്നിലെ ആസൂത്രകരായ കോഴിക്കോട് പൊക്കുന്ന് സ്വദേശി വി.ടി. അബ്ദുൽ റൗഫ് (40), മഞ്ചേരി പുല്ലാര സ്വദേശികളായ പാങ്ങോട്ടിൽ ഉമ്മർ (49), കൊണ്ടോട്ടി പറമ്പിൽ സവാദ് (32), മമ്പാട് സ്വദേശി കമ്പളത്ത് മുഹമ്മദ് ഷിഹാൻ (21), ഒടായിക്കൽ സ്വദേശി പനയംതൊടിക അഫിൻ(21) എന്നിവരെയും അറസ്റ്റ് ചെയ്തു.
അബ്ദുവിന്റെ വീട്ടിൽ പത്ത് കോടി രൂപയുണ്ടെന്ന് അറിഞ്ഞാണ് സംഘം കവർച്ചക്ക് എത്തിയത്. പത്ത് കോടി രൂപ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ചും പ്രതികൾക്ക് അബ്ദുവിന്റെ കുടുംബവുമായുള്ള ബന്ധത്തെ കുറിച്ചും പൊലീസിന് ലഭിച്ച വിവരം പുറത്ത് വിട്ടിട്ടില്ല. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ മുഹമ്മദ് ഷിഹാൻ ഒഴികെയുള്ള ഒമ്പത് പ്രതികളുമായാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.
പ്രതികൾ വീടിനകത്തേക്ക് മതിൽ ചാടിക്കടന്നാണ് എത്തിയത്. ശുചിമുറിക്ക് മുകളിൽ പണമുണ്ടെന്ന നിഗമനത്തിലായിരുന്നു കവർച്ചക്ക് ശ്രമിച്ചത്. ഇത്തരം കാര്യങ്ങൾ പ്രതികൾ പൊലീസിനോട് വിശദീകരിച്ചു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്ത്, സ്റ്റേഷൻ ഹൗസ് ഓഫിസർമാരായ സി. പ്രകാശൻ, അശ്വിത്ത് എസ്. കരൺമയിൽ, വി. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.


