സ്കൂളിനു സമീപം ശുചിമുറി മാലിന്യം തള്ളിയവർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
പാണ്ടിക്കാട്: സ്കൂളിനു സമീപം ടാങ്കർലോറിയിലെത്തിച്ച് ശുചിമുറി മാലിന്യം തള്ളിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശികളായ കട്ടേക്കാട്ട് വീട്ടിൽ മജീദ്, പറക്കാപറ്റ വീട്ടിൽ വിജേഷ് എന്നിവരാണ് പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായത്.
ഫെബ്രുവരി 21ന് പുലർച്ചെയോടെയാണ് വള്ളുവങ്ങാട് എ.എം.എൽ.പി സ്കൂളിനു സമീപത്തായി റോഡരികിൽ മാലിന്യം തള്ളിയത്. സ്കൂൾ പ്രധാനാധ്യാപികയുടെയും സമീപത്തെ കാരാകുർശ്ശി ജുമാമസ്ജിദ് കമ്മറ്റിയുടേയും പരാതിപ്രകാരം പാണ്ടിക്കാട് പൊലീസ് കേസെടുത്തിരുന്നു.
സി.ഐ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 500ഓളം സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനക്കിടയിലാണ് ഇരുവരും പിടിയിലായത്. എസ്.സി.പി.ഒമാരായ മധു, ഷൈജു, ഷമീർ കരുവാരകുണ്ട് എന്നിവരും കേസന്വേഷണ സംഘത്തിലുണ്ടായിരുന്നു.