ചെമ്പ്രശ്ശേരിയിൽ യുവാവിന് വെടിയേറ്റ സംഭവം: രണ്ടുപേർ കൂടി അറസ്റ്റിൽ
text_fieldsമഹ്മൂദ് നിഷാദ്, അനൂപ്
പാണ്ടിക്കാട്: ചെമ്പ്രശേരി ഈസ്റ്റിൽ ഉത്സവത്തിനിടെ സംഘർഷമുണ്ടാവുകയും വെടിയേറ്റ് യുവാവിന് കഴുത്തിന് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ചെമ്പ്രശ്ശേരി ഈസ്റ്റ് വട്ടുണ്ട സ്വദേശി എരഞ്ഞിപ്പാലത്തിങ്ങൽ അനൂപ് (37), ചെമ്പ്രശ്ശേരി ഈസ്റ്റ് സ്വദേശി പാലക്കത്തൊടി മഹ്മൂദ് നിഷാദ് (36) എന്നിവരെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ചെമ്പ്രശ്ശേരി കൊറത്തിതൊടികയിലെ കുടുംബക്ഷേത്രത്തിൽ നടന്ന താലപ്പൊലി ഉത്സവത്തിനിടെ മാർച്ച് 21ന് രാത്രി 10 ഓടെയാണ് സംഘർഷമുണ്ടായത്.
ചെമ്പ്രശേരി ഈസ്റ്റ് സ്വദേശി നെല്ലേങ്ങര ലുഖ്മാനുൽ ഹകീമിന് (32) വെടിയേൽക്കുകയും ചെയ്തു. ഇരുപ്രദേശത്തുകാർ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിനിടെ കല്ലേറിൽ പത്തോളം പേർക്ക് പരിക്കേൽക്കുകയും വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ചെമ്പ്രശ്ശേരി ഈസ്റ്റ്-കൊടശ്ശേരി പ്രദേശത്തുകാരാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. മുഖ്യപ്രതിയുൾപ്പെടെ 13 പേരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ സി. പ്രകാശൻ, എ.എസ്.ഐ അനൂപ് കുമാർ, ഉദ്യോഗസ്ഥരായ റാഷിദ്, അഫ്സൽ സത്താർ, വിജയൻ, അമ്പിളി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.