Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_right...

ആ​വേ​ശ​ത്തി​ര​യ​ടി​ക്കാ​തെ പ​ര​പ്പ​ന​ങ്ങാ​ടി ന​ഗ​ര​സ​ഭ​യി​ലെ പോ​ര്

text_fields
bookmark_border
ആ​വേ​ശ​ത്തി​ര​യ​ടി​ക്കാ​തെ പ​ര​പ്പ​ന​ങ്ങാ​ടി ന​ഗ​ര​സ​ഭ​യി​ലെ പോ​ര്
cancel

പരപ്പനങ്ങാടി: അറബിക്കടലും കടലുണ്ടി പുഴയും കാവലിരിക്കുന്ന, പരപ്പനാട് രാജവംശത്തിന്റെ ആസ്ഥാനമായ ചരിത്ര പട്ടണത്തിൽ നടക്കുന്ന മൂന്നാമത് നഗരസഭ അങ്കത്തിന് പതിവിന് വിപരീതമായി ഇത്തവണ ഉണർവിന്റെ ആവേശത്തിരയടിക്കുന്നില്ല. പരപ്പനങ്ങാടി ഇടയ്ക്കൊന്ന് വലതു കോട്ടയെ പിടിച്ചുകുലുക്കിയെങ്കിലും നാളിതുവരെ ഹരിത രാഷ്ട്രീയം കൈവിട്ട് കളിച്ചിട്ടില്ല. ഉപമുഖ്യമന്ത്രി അവുക്കാദർ കുട്ടി നഹയിലൂടെ നിരവധി മന്ത്രിതല വകുപ്പുകളും മകനും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പി.കെ. അബ്ദുറബ്ബിലൂടെ വിദ്യാഭ്യാസ വകുപ്പും പരപ്പനങ്ങാടിക്കാരെ തേടിയെത്തി.

പ്രാദേശിക ഭരണം ഗ്രാമപഞ്ചായത്ത് കാലത്തുനിന്നിങ്ങോട്ട് രണ്ട് ടേം പിന്നിട്ട നഗരസഭയിലെത്തുമ്പോഴും ലീഗിന്റെ സർവാധിപത്യത്തിന് കീഴിലാണ്. ഗ്രാമപഞ്ചായത്തായിരിക്കുമ്പോൾ ഇടക്ക് കോൺഗ്രസ് നേതാവ് കെ.പി. അബ്ദുൽ അസീസിലൂടെ പരപ്പനങ്ങാടി ത്രിവർണത്തിനൊപ്പം നിന്നത് മാത്രമാണ് അപവാദം. 2016ൽ പ്രഥമ നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പ്രബല വിഭാഗവും സി.പി.എം, സി.പി.ഐ, വെൽഫെയർ പാർട്ടി, ഐ.എൻ.എൽ, പി.ഡി.പി എന്നീ കക്ഷികളും ചേർന്ന് രൂപം നൽകിയ ഇടത് ജനകീയ വികസന മുന്നണി യു.ഡി.എഫിനെ പിടിച്ചു കുലുക്കിയെങ്കിലും ഭരണം യു.ഡി.എഫിന്റെ കൈകളിൽതന്നെ തുടർന്നു. അന്നു നാലു സീറ്റുണ്ടായിരുന്ന ബി.ജെ.പി നിഷ്പക്ഷമായി നിന്നതോടെയാണ് കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റു കുറവായിട്ടും യു.ഡി.എഫിന് ഭരണം നിലനിർത്താനായത്. ഇക്കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയിൽ കോൺഗ്രസിന് ഒരു വർഷം വൈസ് ചെയർമാൻ പദവി നൽകിയതും ലീഗിൽ അവസാന വർഷം ചെയർമാനെ മാറ്റി അവരോധിച്ച് യൂത്ത് ലീഗിന് അധികാര നേതൃത്വം നൽകിയതും പരപ്പനങ്ങാടിയുടെ രാഷ്ട്രീയ പരിസരത്തിന് പുതുകാഴ്ചകളായി. നേരത്തെ 45 വാർഡുകളുണ്ടായിരുന്നത് ഇത്തവണ 46 ആയത് വഴി, വെട്ടിമുറിച്ച വാർഡ് ക്രമീകരണത്തിൽ തുടക്കത്തിൽ പരിഭവക്കാർ ഏറെയുണ്ടായിരുന്നെങ്കിലും ഇപ്പോൾ തങ്ങൾക്ക് അനുകൂലമാണ് വാർഡ് ക്രമീകരണമെന്നാണ് എല്ലാവരുടെയും അവകാശവാദം.

നിലവിലെ 46 വാർഡുകളിൽ മുസ്‍ലിം ലീഗ് 32ലും കോൺഗ്രസ് പത്തിടത്തും വെൽഫെയർ പാർട്ടി സ്വതന്ത്രർ രണ്ടു വാർഡുകളിലും സി.എം.പി ഒരു സീറ്റിലും ഉൾപ്പെടെ യു.ഡി.എഫ് 45 വാർഡുകളിൽ മത്സരിക്കുന്നു. ഒരു വാർഡിൽ ഇടതുമുന്നണി വിട്ടുവന്ന കേരള കോൺഗ്രസ് മാണി വിഭാഗം സ്ഥാനാർഥിക്കാണ് യു.ഡി.എഫ് പിന്തുണ. ഇടത് ജനകീയ വികസന മുന്നണിയിൽ, സ്വതന്ത്രരുൾപ്പടെ 26 വാർഡുകളിൽ സി.പി.എം മത്സരിക്കുമ്പോൾ, മൂന്നു വാർഡുകളിൽ സി.പി.ഐ സ്വതന്ത്രരുണ്ട്. രാഷ്ട്രീയ ജനതാദൾ, ജനതദൾ (എസ്), ഐ. എൻ.എൽ, നാഷണൽ ലീഗ്, പി.ഡി പി എന്നീ കക്ഷികളും സ്വതന്ത്രരുമുൾപ്പടെ 46 വാർഡുകളിലും ഇടതു ജനകീയ വികസന മുന്നണിക്ക് സ്ഥാനാർഥികളുണ്ട്. നാലു വാർഡുകളിൽ എസ്.ഡി.പി.ഐ പിന്തുണയോടെ സ്ഥാനാർഥികളുമുണ്ട്. നഗരസഭയിൽ മൂന്നു സീറ്റുകളുള്ള ബി.ജെ.പി ഇത്തവണ 22 വാർഡുകളിൽ മാത്രമാണ് മത്സരിക്കുന്നത്. ബി.ജെ.പി മത്സരിക്കാത്ത വാർഡുകളിൽ പലതിലും എൽ.ഡി.എഫ്, യു.ഡി.എഫ് വോട്ട് വ്യത്യാസം 50ൽ താഴെയാണ്.

എന്നാൽ ഇത്തരം വാർഡുകളിൽ പലയിടത്തും ബി.ജെ.പിക്ക് 50ഉം 60ഉം വോട്ടുകളുണ്ട്, അവിടെ ബി.ജെ.പിയുടെ തന്ത്രം നഗരസഭയുടെ ഭാവി നിർണയിച്ചേക്കാം. നിലവിൽ നഗരസഭയിൽ മുസ്‌ലിം ലീഗ് -25, കോൺഗ്രസ് -മൂന്ന്, വെൽഫെയർ പാർട്ടി സ്വതന്ത്ര-ഒന്ന് (യു.ഡി.എഫ് -29) എന്നിങ്ങനെയാണ്. എൽ.ഡി.എഫ് ജനകീയ വികസന മുന്നണിയിൽ സി.പി.എം -അഞ്ച്, സി.പി.എം സ്വതന്ത്രർ -ആറ്, രാഷ്ട്രീയ ജനതാദൾ -ഒന്ന്, ജനതാദൾ എസ് സ്വതന്ത്രൻ -ഒന്ന് (ആകെ -13) എന്നിങ്ങനെയും. ബി.ജെ.പിക്ക് നഗരസഭയിൽ മൂന്നംഗങ്ങളുണ്ട്. ആകെ വോട്ടർമാർ-57181. പുരുഷൻമാർ -28965, സ്ത്രീകൾ-29214, ട്രാൻസ്ജെൻഡർ -രണ്ട്.

Show Full Article
TAGS:parappanangadi Local Body Election Malappuram 
News Summary - local body election in parappanangadi municipality
Next Story