ഓണവും മിലാദും: സജീവമായി വസ്ത്രവിപണി
text_fieldsപരപ്പനങ്ങാടി: ആഘോഷങ്ങളിലെ ഒരുമ വസ്ത്രവിപണിക്ക് ചാകരയായി. തിരുവോണവും മിലാദ് ശരീഫും ഒരേ ദിവസം സംഗമിച്ചതാണ് വസ്ത്ര വിപണിയിൽ തിരക്ക് വർധിപ്പിച്ചത്. ഓണക്കോടിക്കും നബിദിനക്കോടിക്കും ഇത്തവണ നല്ല ഡിമാന്‍റുള്ളതായി കച്ചവടക്കാർ പറയുന്നു.
കഴിഞ്ഞ കാലങ്ങളിൽ നബിദിന ആഘോഷ പരിപാടികളിൽ ദഫ്മുട്ടിനും മറ്റു കലാപരിപാടികൾക്കുമായി പങ്കെടുക്കുന്ന മദ്റസ വിദ്യാർഥികളുടെ തിരക്ക് മാത്രമായി പരിമിതപെട്ടിരുന്ന മിലാദ് വസ്ത്രവിപണിയിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. നബി ജന്മദിന സന്തോഷം പുതുവസ്ത്രങ്ങൾ അണിഞ്ഞു പ്രകടിപ്പിക്കുക എന്ന ചിന്ത തുടങ്ങിയതോടെയാണ് മുസ് ലിം ഭൂരിപക്ഷ മേഖലയിലെ കച്ചവട കേന്ദ്രങ്ങളിൽ ഒരാഘോഷവും കൂടി വസ്ത്രവിപണിക്ക് വീണുകിട്ടിയത്. രണ്ട് പെരുന്നാളുകളുടെ ആഘോഷത്തോളം വരില്ലെങ്കിലും അതിനടുത്തായി മിലാദ് ആഘോഷവും വസ്ത്രവിപണിയെ പുഷ്ടിപെടുത്തി വരുന്നുണ്ട്.
ഓണാഘോഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികൾ സെറ്റ് സാരിയും ആൺകുട്ടികൾ കസവ് മുണ്ടും അണിഞ്ഞ് ആഘോഷത്തെ വരവേൽക്കുക എന്ന പുതിയ ട്രന്‍റ് വന്നതോടെ അതും വസ്ത്രവിപണിയിൽ ആഹ്ലാദാരവങ്ങൾ തീർത്തു. സെറ്റ് സാരിയും ബ്ലൗസും ഒറ്റ ദിവസത്തെ ഉപയോഗത്തിന് അയൽവാസികളിൽ നിന്നും വായ്പ വാങ്ങിയിരുന്ന ശീലവും പതുക്കെ ഇല്ലാതായി തുടങ്ങി.
മുസ് ലിം വിദ്യാർഥിനികൾക്ക് സെറ്റ് സാരിക്കും ബ്ലൗസിനും ചേരുന്ന മഫ്ത്തകളും ഷാളുകളും ഒപ്പിച്ചു കൊണ്ടുവരാൻ കച്ചവടക്കാർ പെടാപാടു പെടുകയാണ്. ഫാഷൻ ലോകത്ത് നിന്നും ഇതിനകം പടിയിറങ്ങിയ ദാവിണി, ചുരിദാറിനും പാവടയുമൊപ്പം തിരിച്ചെത്തിയതും വസ്ത്രവിപണിയിലെ ശ്രദ്ധേയമാറ്റമാണ്.
ഓണം, മിലാദ് ആഘോഷങ്ങളിൽ സജീവമായ വസ്ത്രവിപണി