സൗഹൃദം പങ്കിടാൻ അവരെത്തി, തൂവൽ തീരത്ത്
text_fieldsപരപ്പനങ്ങാടി മുനിസിപ്പൽ പെൻഷനേഴ്സ് ലീഗ് പ്രവർത്തകർ കെട്ടുങ്ങൽ തൂവൽ തീരത്ത് സംഘടിപ്പിച്ച സൗഹൃദ സംഗമം
പരപ്പനങ്ങാടി: തികച്ചും പുതുമയും കൗതുകവും നിറഞ്ഞ ഒരു ഒത്തുചേരലിനാണ് കഴിഞ്ഞ ദിവസം കെട്ടുങ്ങൽ തൂവൽ തീരം സാക്ഷിയായത്. പരപ്പനങ്ങാടി മുനിസിപ്പൽ പെൻഷനേഴ്സ് ലീഗ് പ്രവർത്തകരാണ് ഇത്തരമൊരു സൗഹൃദ കൂട്ടായ്മ ഒരുക്കിയത്. സർക്കാർ സർവിസിൽനിന്ന് പലപ്പോഴായി വിരമിച്ച മുനിസിപ്പാലിയിറ്റിയിലെ ഒട്ടു മിക്കവരും പരിപാടിയിൽ പങ്കെടുത്തു സൗഹൃദം കൈമാറി. ആരോഗ്യബോധവൽകരണം, മോട്ടിവേഷൻ ക്ലാസുകൾ എന്നിവയും ഒത്തുചേരലിന്റെ ഭാഗമായി നടന്നു.
ആട്ടവും പാട്ടുമായി ഗതകാല സ്മൃതികളയവിറക്കി ഏറെ വൈകിയാണ് അവർ തീരം വിട്ടത്. ഫാറൂഖ് പത്തൂർ ഉദ്ഘാടനം ചെയ്തു. കുഞ്ഞി പോക്കർ കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. ഹാറൂൺ റഷീദ്, ഇ.ഒ. നാസർ, എൻ.പി. ബഷീർ, പുളിക്കലകത്ത് ഫൈസൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. വി.പി. ബഷീർ, ഇ.ഒ. അൻവർ, എൻ.പി. അബു എന്നിവർ സംസാരിച്ചു.
വനിത പെൻഷൻക്കാർക്ക് മാനസിക ഉല്ലാസത്തിന്ന് സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് വനിത പെൻഷൻ ലീഗ് കൺവീനർ സഈദ ആവശ്യപ്പെട്ടു. പെൻഷൻക്കാരുടെ ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു.
മെഡിസെപ്പ് സംവിധാനം ഓപ്ഷൻ വഴി സ്വീകരിക്കുന്നതോ നിരാകരിക്കുന്നതോ ആയ സംവിധാനത്തിലേക്ക് രൂപപെടുത്തി പെൻഷൻക്കാരോട് ചേർന്ന് നിൽക്കുന്ന വിധം ഉടച്ചു വാർക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. സി.സി. ബഷീർ സ്വാഗതവും ഇ.ഒ. ഹമീദ് നന്ദിയും പറഞ്ഞു.