കടൽമാക്രി പെരുകുന്നു; നശിക്കുന്നത് ലക്ഷങ്ങളുടെ വലകൾ
text_fieldsകടൽമാക്രികൾ പൊളിച്ച വല നന്നാക്കുന്ന മത്സ്യത്തൊഴിലാളികൾ
പരപ്പനങ്ങാടി: കടൽമാക്രി ശല്യം പെരുകുന്നത് മത്സ്യത്തൊഴിലാളികൾക്ക് തലവേദനയാകുന്നു. അവ വ്യാപകമായി വലകൾ പൊളിച്ച് നശിപ്പിക്കുകയാണ്.
നിറയെ മത്സ്യം കുടുങ്ങിയ വലകൾ വള്ളത്തിലേക്ക് വലിച്ചുകയറ്റുമ്പോൾ വല ചോർന്ന് പല ഭാഗങ്ങളിലായി മത്സ്യ ശേഖരം നഷ്ടപ്പെടാനും ലക്ഷങ്ങളുടെ വല തകരാനും ഇത് വഴിവെക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷങ്ങളുടെ മത്സ്യങ്ങളുമായി തീരമണഞ്ഞിരുന്ന വള്ളങ്ങളിലെ വലകൾ പാടേ തകർന്നതോടെ ലക്ഷങ്ങളുടെ ബാധ്യതയാണ് ബാക്കിയായത്. കടൽ തവളകളെന്ന് വിളിക്കപ്പെടുന്ന കടൽ മാക്രികളാണ് വല കടിച്ചുമുറിച്ചത്. അയല, മത്തി എന്നീ മത്സ്യങ്ങളെ ഭക്ഷിക്കാനാണ് ഇവ കയറിപ്പറ്റുന്നത്.
കടിച്ചുകീറിയ വലകൾ തുന്നിച്ചേർക്കാനും പുതിയ വലകൾ വാങ്ങി കണ്ണികൾ ചേർക്കാനുമുള്ള അധ്വാനത്തിലാണ് ഒട്ടുമിക്ക മത്സ്യത്തൊഴിലാളികളും.
പ്രതിസന്ധി നേരിടുന്ന മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴി വല വാങ്ങാൻ സഹായവും സബ്സിഡിയും നൽകണമെന്ന് എഫ്.ഐ.ടി.യു മത്സ്യ തൊഴിലാളി വിഭാഗം പരപ്പനങ്ങാടി മുൻസിപ്പൽ സെക്രട്ടറി പോക്കുവിന്റെ പുരക്കൽ സിദ്ദീഖ് ആവശ്യപ്പെട്ടു.