ഒഴുക്കിൽപെട്ട വിദ്യാർഥിയെ കണ്ടെത്തിയില്ല; ഇന്നും തിരച്ചിൽ തുടരും
text_fieldsന്യൂ കട്ടിൽ കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ തുടരുന്നു
പരപ്പനങ്ങാടി: പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ടിൽ ഒഴുക്കിൽപെട്ട വിദ്യാർഥിയെ രണ്ടു ദിവസത്തെ തുടർച്ചയായ തിരച്ചിലിനൊടുവിലും കണ്ടെത്താനായില്ല. സുരക്ഷയും മുന്നറിയിപ്പും പരിഗണിക്കാതെ നൂറുകണക്കിനാളുകളാണ് നിത്യവും ന്യൂകട്ടിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്.
വിനോദസഞ്ചാര ഭൂപടത്തിൽ നേരത്തെ ഇടം കണ്ടെത്തിയ ന്യൂകട്ടിലും പരിസരത്തും സുരക്ഷ ഒരുക്കുന്നതിൽ ടൂറിസം വകുപ്പിനും ജനപ്രതിനിധികൾക്കും തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതർക്കും ശുഷ്കാന്തിയില്ലെന്ന പരാതി വ്യാപകമാണ്. താനൂർ കടപ്പുറത്തെ പതിനേഴുകാരൻ ജുറൈജിനെയാണ് വ്യാഴാഴ്ച മുതൽ കാണാതായത്. കൂട്ടുകാരോടൊപ്പം ന്യുകട്ടിൽ നീന്തുന്നതിനിടെയാണ് ഒഴുക്കിൽപെട്ട് കാണാതായത്.
ന്യൂകട്ടിൽ അടിയൊഴുക്ക് ശക്തമാണെന്നും അനിയന്ത്രിതമായ ചുഴികൾ വിവിധ ഭാഗങ്ങളിൽ രൂപപ്പെടുന്നുണ്ടെന്നും തിരച്ചിലിനിറങ്ങിയ രക്ഷാപ്രവർത്തകർ പറയുന്നു. ഇതിന് മുമ്പും അപകടങ്ങളും ഉണ്ടായിട്ടുണ്ട്. പലരെയും നാട്ടുകാർ രക്ഷപ്പെടുത്തിയിട്ടുണ്ട്.
പാറയിൽ വി.സി.ബിക്ക് മുകളിലെ നടപ്പാലത്തിൽ കൈവരി ഇല്ലാത്ത ഭാഗത്ത് അടിയന്തരമായി കൈവരി സ്ഥാപിക്കണമെന്നും പാലത്തിലെ പൊളിഞ്ഞ കൈവരികൾ മാറ്റി സ്ഥാപിക്കണമെന്നും പാറക്കെട്ടുള്ള ഭാഗങ്ങളിലും പുഴയിൽ നല്ല ഒഴുക്കുള്ള സ്ഥലങ്ങളിലും അപകടകരമായ രീതിയിൽ കുളിക്കാനിറങ്ങുന്നത് തടയാൻ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.