സൂത ചാകര; മതിയായ വില കിട്ടാതെ മത്സ്യതൊഴിലാളികൾ
text_fieldsപരപ്പനങ്ങാടി: കടലോരത്ത് ആർപ്പ് വിളി തീർത്ത ചൂര ചാകര (സൂത ചാകര) മേൽക്ക് മേൽ തീരമണഞ്ഞ് വിലയിടിവിൽ സങ്കട കടൽ തീർത്തു. വള്ളങ്ങൾ നിറയെ ഒന്നിന് പിറകെ ഒന്നായി തുരുതുരാ ചൂര കോളുമായി ഹാർബർ നിറഞ്ഞ കോള്, ഏറ്റെടുക്കാൻ ആളില്ലാതെ തൊഴിലാളികളുടെ വിയർപ്പിന് വിലയില്ലാതായി. കിലോക്ക് ശരാശരി ഇരുനൂറു രൂപ കിട്ടുമായിരുന്ന സൂത കിലോ 25 രൂപക്കും വാങ്ങാനാളില്ലാത്ത അവസ്ഥയായി.
ശേഖരിക്കാനും സംഭരിക്കാനും പരിസരത്തെ ലഭ്യമാവുന്ന എല്ലാ ഐസ് ഫാക്ടറികളിലേക്കും വാഹനങ്ങൾ ചീറി പാഞ്ഞെങ്കിലും എവിടെയും ഐസ് സ്റ്റോക്കില്ലന്ന സ്ഥിതി വന്നതോടെ പൊതുവെ മാംസം നിറഞ്ഞ ചൂര ചീച്ചിലിന് വിധേയമായി. ഇതോടെ കുഞ്ഞൻ മത്തിയുടെ വിലക്ക് മംഗലാപുരത്തേക് പൊടി ഫാക്ടറികളിലേക് കയറ്റി അയക്കേണ്ടി വന്നു. ചാകര വല നിറച്ച് തോണി കയറ്റുന്നതിനിടെ പല വള്ളങ്ങളുടെയും പതിനാരായിങ്ങളുടെ വലകൾ മുറിഞ്ഞു പോയ നഷ്ടവും ചാകരയുടെ നേട്ടത്തിനിടയിൽ പെട്ട കണ്ണീർ കടൽ അനുഭവങ്ങളായി. ചൂരക്ക് തീരത്ത് കിലോക്ക് 50 രൂപയിൽ താഴെ വിലയൊള്ളൂ എന്ന വിവരം സോഷ്യൽ മീഡിയ വഴി പരന്നതോടെ വീടും തോറും മീനുമായി ചില്ലറ വിൽപനക്കാരും മീനെടുക്കാതെ മുങ്ങി.
നൂറുരൂപക്ക് രണ്ടു കിലോ സൂത മാർക്കറ്റിൽ വിലയുണ്ടായിരുന്നതും പൊതുവെ വില കൂടിയ ഇനമായ അയക്കൂറ സൂതവരെ യഥേഷ്ടം രണ്ടു ദിവസങ്ങളിലായി ജില്ലയുടെ വിവിധ തീരങ്ങളിൽ അണഞ്ഞിട്ടുണ്ട്. ആദ്യ മണിക്കൂറുകളിൽ തീരമണഞ്ഞ വള്ളങ്ങൾക്ക് ചാകരയുടെ കോള് ലക്ഷങ്ങളായി ആസ്വദിക്കാൻ കഴിഞ്ഞെങ്കിലും വിദൂര മാർക്കറ്റുകളിൽ സാധ്യതയില്ലാതെ പോയതും സംസ്കരിക്കാൻ സംവിധാനങ്ങളില്ലാതെ പോയതും മത്സ്യ തൊഴിലായികളുടെ കഠിനദ്ധ്വാനത്തെ പാഴാക്കി ലക്ഷ ദ്വീപുകളിലും മറ്റും സൂതയെ ഉണക്കിയെടുത്ത് മാസാക്കി പിന്നീട് ഉപയോഗിക്കാൻ ടിൻ ഭക്ഷണമാക്കി മറ്റുന്ന പരമ്പരാഗത സംവിധാനം പോലും നമ്മുടെ തീരങ്ങളിലില്ല.


