ഇന്ന് അധ്യാപക ദിനം; ഇതാ ഒരു അധ്യാപക കുടുംബം!
text_fieldsബാലൻ മാസ്റ്ററും കുടുംബവും
പരപ്പനങ്ങാടി: പിതാവും മാതാവും മക്കളും മരുമക്കളും പേരമക്കളുമെല്ലാം അധ്യാപകരാണ് ഈ കുടുംബത്തിൽ. ആയിരത്തി എഴുനൂറിൽ പരം വിദ്യാർഥികൾ പഠിക്കുന്ന ചിറമംഗലം എ.യു.പി സ്കൂൾ ഈ കുടുംബത്തിലെ അധ്യാപകരാൽ സമ്പന്നമാണ്. അധ്യാപകരായ കൃഷ്ണപണിക്കർ -കല്യാണി ദമ്പതികൾ മുന്നോട്ടു നയിച്ച വിദ്യാലയത്തിൽ വീട്ടിലെ ഇരുപതിലേറെ പേരാണ് അധ്യാപക സേവനം അനുഷ്ടിച്ചത്. മകൻ പ്രഭാകരന്റെ ഭാര്യ ഇന്ദിര വിദ്യാലയത്തിൽ പ്രധാനാധ്യാപികയായി സേവനം അനുഷ്ടിച്ചു. ഇവരുടെ മക്കളായ സന്ധ്യ, സൗമ്യ, മരുമകൾ ശരണ്യ എന്നിവരും അധ്യാപകരാണ്.
മറ്റൊരു മകനും സ്കൂൾ ട്രസ്റ്റ് അംഗവുമായ സുകുമാര പണിക്കരുടെ മകളായ മനോജ്, അനോജ്, മഞ്ജു മരുമകൾ ഭവ്യാ രാജ് (പരപ്പനങ്ങാടി നഗര സഭ മുൻ സ്ഥിര സമിതി അധ്യക്ഷ), ശ്രുതി എന്നിവരും, അധ്യാപക ദമ്പതികളുടെ മകളായ നളിനിയും ഈ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു.
ഇവരുടെ മകൻ രാജീവും ഭാര്യ ധന്യയും ഇവിടെ അധ്യാപകരായിരുന്നു. അഞ്ചാമത്തെ മകനായ ഭരത് ഭൂഷണിന്റെ ഭാര്യ ഉഷാ ദേവി ഇവിടുത്തെ പ്രധാനാധ്യാപികയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇവരുടെ മക്കളായ ജ്യോതിഷും നന്ദിനിയും ഇതേ വിദ്യാലയത്തിൽ അധ്യാപകരായിരുന്നു. സ്കൂൾ സ്ഥാപകനായ കൃഷ്ണപ്പണിക്കരുടെ മകൻ ബാലൻ മാഷും പത്നി പ്രസന്നയും മകൻ ആനന്ദും അധ്യാപക പാരമ്പര്യത്തിന്റെ കണ്ണി മുറിയാതെ ചിറമംഗലം എ.യു.പി സ്കൂളിന്റെ ഭാഗമാണ്.