രണ്ടു വയസ്സുകാരൻ ഹൈസം നാടിന്റെ ശുചിത്വ ഹീറോ
text_fieldsപെംസ് സി.ബി.എസ്.ഇ സ്കൂൾ മുറ്റം വൃത്തിയാക്കുന്ന ഹൈസം. ഇൻസെറ്റിൽ ഹൈസം
പരപ്പനങ്ങാടി: അശാന്തിയുടെ വർത്തമാനങ്ങൾക്കിടയിൽ നന്മയുടെ മനം കുളിർക്കുന്ന കാഴ്ചയായി രണ്ടു വയസ്സുകാരൻ ഹൈസമിന്റെ വിലയിടാനാവാത്ത ശുചിത്വ സന്ദേശം. നാടിന്റെ ശുചിത്വ ഹീറോയായ ഹൈസമിനെ സോഷ്യൽ മീഡിയയും ആഘോഷിച്ചു. ഉമ്മയുടെ കൂടെ സ്കൂളിൽ ആഘോഷപരിപാടിക്ക് വന്നതായിരുന്നു ഹൈസം.
ഉമ്മ ക്ലാസിൽ മുഴുകിയപ്പോൾ ഹൈസമും വെറുതെയിരുന്നില്ല. സ്കൂളിന്റെ മുറ്റത്ത് വീണുകിടന്നിരുന്ന ഇലകൾ ഓരോന്നായി പെറുക്കിയെടുത്ത് മാറ്റിയിടാൻ തുടങ്ങി. ആരെയും ശ്രദ്ധിക്കാതെ ആ കുരുന്ന്, സ്കൂൾ മുറ്റം വൃത്തിയാക്കുന്നതിൽ വ്യാപൃതനായി. ഇടക്ക് തിരികെ വിളിച്ച ഉമ്മമ്മയെയും ഗൗനിക്കാതെ നിശ്ചയദാർഢ്യത്തോടെ അവൻ അവസാനത്തെ ഇലയും പെറുക്കിക്കളയുന്നതുവരെ ‘സേവനം’ തുടർന്നു.
വിശ്രമമില്ലാതെ ദൗത്യം പൂർത്തിയാക്കിയപ്പോഴേക്കും 15 മിനിറ്റ് കഴിഞ്ഞിരുന്നു. അതിനിടെ മാവിന്റെ തറയിലുണ്ടായിരുന്ന ഇലകൾ പോലും അൽപം പ്രയാസപ്പെട്ടിട്ടായാലും അവൻ എടുത്ത് മാറ്റിയിരുന്നു.
ഹൈസമിന്റെ ശുചിത്വ പോരാട്ടം കണ്ടവരൊക്കെ കൗതുകത്തോടെ അവനെ അഭിനന്ദിച്ചു. സ്കൂൾ കാമറയിൽ പതിഞ്ഞ കുരുന്നിന്റെ പ്രവർത്തനം സോഷ്യൽ മീഡിയയിലും വൈറലായി. താനാളൂർ വെള്ളിയത്ത് നദീർ-ഹിമ ദമ്പതികളുടെ മകനാണ്. പരപ്പനങ്ങാടി പെംസ് സി.ബി.എസ്.ഇ സ്കൂളിലായിരുന്നു നന്മനിറച്ച ഈ കൗതുക കാഴ്ച.


