മഴവില്ലഴകിൽ ഉള്ളണം സ്കൂൾ...
text_fieldsപരപ്പനങ്ങാടി ഉള്ളണം എ.എം.യു.പി സ്കൂൾ വർണാഭമാക്കിയ ‘ആക്രിക്കട’ കലാകാരന്മാരെ സ്കൂൾ അധികൃതർ ആദരിക്കുന്നു
പരപ്പനങ്ങാടി: ഉള്ളണം എ.എം.യു.പി സ്കൂളിലെ കുട്ടികൾക്കിനി വർണാഭമായ ക്ലാസ് മുറികളിലിരുന്ന് പഠനമാസ്വദിക്കാം. ചുവരിൽ വിരിഞ്ഞുനിൽക്കുന്ന പൂക്കളോട് കിന്നാരം പറയാം, പറന്നകലുന്ന പക്ഷികളെ തിരികെ വിളിക്കാം, മരച്ചില്ലകളിൽ ഊഞ്ഞാലാടുന്ന വികൃതിക്കുരങ്ങനൊപ്പം കളിച്ചുതിമിർക്കാം.
കേരളത്തിലെ യുവ ചിത്രകാരൻമാരുടെ കൂട്ടായ്മയായ ‘ആക്രിക്കട’യാണ് സ്കൂളിന്റെ ചുറ്റുമതിലും ക്ലാസ് മുറികളും ബഹുവർണ ചിത്രങ്ങൾകൊണ്ടും പാഠനാനുബന്ധ സന്ദേശം കൊണ്ടും സമ്പന്നമാക്കിയത്. വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ 48 ചിത്രകാരൻമാർ രണ്ട് ദിവസം സ്കൂളിൽ ക്യാമ്പ് ചെയ്താണ് സൗജന്യമായി പക്ഷികളുടെയും മൃഗങ്ങളുടെയും കാർട്ടൂൺ കഥാപാത്രങ്ങളുടെയും ജീവൻ തുളുമ്പുന്ന ചിത്രങ്ങൾ വരച്ചത്. പ്രധാനാധ്യാപകൻ കെ. അബ്ദുൽ കരീം, പി.ടി.എ പ്രസിഡന്റ് എൻ.കെ. ഷബീർ, സ്കൂൾ മാനേജർ സെയ്തലവി തങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.


