ഇവരുടെ ബുദ്ധി വിമാനം തന്നെ ! എ പ്ലസ് ജേതാക്കൾക്ക് സൗജന്യ വിമാന യാത്ര ഒരുക്കി പരപ്പനങ്ങാടി നെടുവ ഗവ. ഹൈസ്കൂൾ
text_fieldsപരപ്പനങ്ങാടി: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്കായി സൗജന്യ ആകാശയാത്ര സമ്മാനിച്ച് പൊതുവിദ്യാലയം വേറിട്ട മാതൃകയായി. പരപ്പനങ്ങാടി നെടുവ ഗവ. ഹൈസ്കൂളാണ് ഉന്നത വിജയികൾക്ക് ആകാശ യാത്രക്ക് വഴിയൊരുക്കിയത്. പരീക്ഷക്ക് മുമ്പ് സ്കൂൾ അധികൃതർ നൽകിയ വാഗ്ദാനമാണ് യാഥാർഥ്യമാക്കിയത്.
സ്കൂൾ 105ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പരിപാടികളില്‍ ഉള്‍പ്പെടുത്തിയാണ് എ പ്ലസ് ജേതാകൾക്ക് സൗജന്യ വിമാന വിനോദയാത്ര ഒരുക്കിയത്. വിദ്യാർഥികളിൽ പലർക്കും അവരുടെ കന്നി വിമാനയാത്രയായതിനാൽ ആവേശജനകമായ അനുഭവമായിതുമാറി. കൊച്ചിയിൽനിന്ന് സേലത്തേക്കായിരുന്നു യാത്ര. യുനസ്കോ പൈതൃക പട്ടികയിലുൾപ്പെടുത്തിയ തഞ്ചാവൂരിലെയും, ഗംഗൈകൊണ്ട ചോളപുരത്തെയും ചോള വാസ്തുശിൽപ സ്മാരകങ്ങൾ വിദ്യാർഥികൾ സന്ദർശിച്ചു.
അധ്യാപകരായ സന്തോഷ്, സുമേഷ്, അനീഷ്, ഷീജ, സൗമ്യ എന്നിവർ യാത്രക്ക് നേതൃത്വം നൽകി. വരും വർഷങ്ങളിലും ഇത്തരം പുതുമയാർന്ന പ്രചോദനങ്ങൾ വിദ്യാർഥികൾക്ക് നൽകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ഇത്തരമൊരു യാത്രക്ക് പിന്തുണയും പ്രോത്സാഹനവും നൽകിയ പി.ടി.എ, എം.പി.ടി.എ, എസ്.എം.സി നേതൃത്വത്തിനും അധ്യാപകർക്കും വിദ്യാർഥികൾ നന്ദി പറഞ്ഞു.


