വീടുകൾക്ക് മുകളിൽ അപകട ഭീഷണിയായ പാറക്കല്ല് നീക്കാൻ 25 ലക്ഷം അനുവദിച്ചു
text_fieldsമണ്ണാർമലയിൽ തിണ്ടില്യംകുന്നിൽ അപകടഭീഷണി ഉയർത്തുന്ന ഭീമൻ പാറക്കല്ല്
പട്ടിക്കാട്: വീടുകൾക്ക് സമീപം കുന്നിൻമുകളിൽ അപകടഭീഷണി ഉയർത്തുന്ന ഭീമൻ പാറക്കല്ല് നീക്കി പരിഹാരം കാണാൻ ഫണ്ട് അനുവദിച്ച് സർക്കാർ. സംസ്ഥാന ദുരന്തനിവാരണ വകുപ്പാണ് മണ്ണാർമല തിണ്ടില്യംകുന്നിലെ ഭീമൻ പാറക്കല്ലിനെ മാറ്റാൻ 25 ലക്ഷം രൂപ അനുവദിച്ചത്. കുറുപ്പത്ത്കര കുന്നിൻമുകളിലെ കുത്തനെയുള്ള ഭാഗത്തെ ഭീമൻ പാറക്കല്ല് ഏത് സമയവും താഴ്വാരത്തെ ജനവാസകേന്ദ്രത്തിലേക്ക് ഉരുണ്ടിറങ്ങാവുന്ന നിലയിലാണ്.
ശക്തമായ മഴയിൽ മലയിൽനിന്ന് ഒലിച്ചിറങ്ങുന്ന വെള്ളവും അപകടസാധ്യത വർധിപ്പിക്കുന്നു. ഇതിന് താഴ്വാരത്തായി 120ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. 2023ൽ വാർഡ് മെംബർ ഫിറോസ് കാരാടൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ മന്ത്രി ആന്റണി രാജു, മന്ത്രി വി. അബ്ദുറഹിമാൻ എന്നിവരുടെ നിർദേശ പ്രകാരം ജിയോളജി, റവന്യൂ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇതിന്റെ റിപോർട്ട് സംസ്ഥാന സർക്കാറിന്റെ ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തിൽ ജില്ല കലക്ടർക്ക് കൈമാറുകയും പകർപ്പ് പെരിന്തൽമണ്ണയിൽ നടന്ന നവകേരള സദസിൽ സമർപ്പിക്കുകയുമായിരുന്നു.
പാറക്കല്ല് പൊട്ടിച്ച് മാറ്റുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതുകാരണം തൊട്ടടുത്ത ഭാഗത്ത് കുഴിയെടുത്ത് കല്ലിനെ ഇതിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ പ്രദേശത്തുകാരുടെ കാലങ്ങളായുള്ള ആശങ്കക്ക് പരിഹാരമാകും. ഉടനെ പ്രവൃത്തിക്കുള്ള ടെൻഡർ നടപടികൾ ആരംഭിക്കും.