സംസ്ഥാന പാതയിലെ യാത്രാദുരിതം: ബസ് തൊഴിലാളികള്‍ സൂചന പണിമുടക്കിന്
text_fieldsപട്ടിക്കാട്: പട്ടിക്കാട്-വടപുറം സംസ്ഥാന പാതയില്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ആക്കപ്പറമ്പ് മുതല്‍ ചുങ്കം വരെയുള്ള ഭാഗങ്ങള്‍ നന്നാക്കാന്‍ നടപടിയാകാത്തതില്‍ പ്രതിഷേധിച്ച് സ്വതന്ത്ര ബസ് തൊഴിലാളി യൂനിയന്റെ (എസ്.ബി.ടി.യു) നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ-പാണ്ടിക്കാട് റൂട്ടില്‍ 25ന് സൂചന പണിമുടക്ക് നടത്തും. ആക്കപ്പറമ്പ് മുതല്‍ പട്ടിക്കാട് വരെയുള്ള ഭാഗമാണ് പാടെ തകർന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് കുഴികളച്ച പാതയില്‍ വീണ്ടും വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട അവസ്ഥയാണ്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ പോകുന്ന റോഡില്‍ മഴ പെയ്ത് തുടങ്ങിയതോടെ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത് ബസുകള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമായി. കുഴികള്‍ എത്തുമ്പോള്‍ ചെറുവാഹനങ്ങള്‍ നിര്‍ത്തി മെല്ലെ കയറി ഇറങ്ങി പോകുന്നതിനാല്‍ റോഡില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്.
ഇതുമൂലം പിന്നില്‍ വരുന്ന ബസുകള്‍ക്ക് സമയത്തിന് പോകാന്‍ കഴിയാതെ ട്രിപ്പുകള്‍ മുടക്കേണ്ട അവസ്ഥയാണെന്ന് തൊഴിലാളികള്‍ പറഞ്ഞു. കുഴികളില്‍ ചാടി ബസുകള്‍ക്ക് കേടുപാട് സംഭവിക്കുന്നതും പതിവായി. തുടര്‍ന്നാണ് എസ്.ബി.ടി.യുവിന്റെ നേതൃത്വത്തില്‍ സൂചന പണിമുടക്കുമായി രംഗത്തെത്തിയത്. പാത ഗതാഗതയോഗ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എസ്.ബി.ടി.യു നിലമ്പൂര്‍- പെരിന്തല്‍മണ്ണ സെക്ടര്‍ നേതാക്കള്‍ പെരിന്തല്‍മണ്ണ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.