പുലിയെ മയക്കുവെടി വെക്കാൻ ഉത്തരവ്; ദൗത്യസംഘം മണ്ണാർമലയിൽ
text_fieldsമണ്ണാർമലയിൽ പുലിയെ മയക്കുവെടി വെക്കാനുള്ള ഉത്തരവിനെ തുടർന്ന് ദൗത്യസംഘം കൂട്
സ്ഥാപിക്കുന്നു
പട്ടിക്കാട്: മണ്ണാർമലയിലും പരിസരപ്രദേശങ്ങളിലും ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന പുള്ളിപ്പുലിയെ മയക്കുവെടി വെക്കാൻ ഉത്തരവ്. നിയമസഭയിൽ നജീബ് കാന്തപുരം എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകുന്നതിനിടെയാണ് വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഇക്കാര്യമറിയിച്ചത്. ഇതേതുടർന്ന്, പുലിയെ സ്ഥിരമായി കാണുന്ന ഭാഗത്ത് എത്തിയ ദൗത്യസംഘം പിടികൂടാനുള്ള ആദ്യഘട്ട നടപടികൾ ആരംഭിച്ചു.
മാനത്തുമംഗലം-കാര്യാവട്ടം ബൈപാസിൽ പുലി സ്ഥിരമായെത്തുന്ന മണ്ണാർമല മാട് റോഡ് പ്രദേശങ്ങളിലാണ് വ്യാഴാഴ്ച ഉച്ചയോടെയെത്തിയ സംഘം പരിശോധന നടത്തിയത്. വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. ശ്യാമിെൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി. വെള്ളിയാഴ്ച മുതൽ മയക്കുവെടി വെക്കാനുള്ള ദൗത്യമാരംഭിക്കുമെന്ന് ഡോക്ടർ പറഞ്ഞു. സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന സംഘം ഇന്ന് മുതൽ പ്രവർത്തനങ്ങൾ ആരംഭിക്കും.
നേരത്തേ സ്ഥാപിച്ച കെണിക്കു പുറമെ മറ്റൊരു കെണികൂടി റോഡിെൻറ മറുവശത്ത് സ്ഥാപിച്ചു. മൂന്നാമത് ഒരു കെണികൂടി സ്ഥാപിക്കുമെന്ന് സ്ഥലത്തെത്തിയ ഡി.എഫ്.ഒ ധനിക്ലാൽ പറഞ്ഞു. നാട്ടുകാർ സ്ഥാപിച്ച നിരീക്ഷണ കാമറയിൽ മൂന്നുദിവസം തുടർച്ചയായി പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇന്നലെ മണ്ണാർമല മരക്കാരംപാറയിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു.