സഹപ്രവര്‍ത്തകന്റെ ചികിത്സ സഹായത്തിനായി കൈകോര്‍ത്തു; പായസ ചലഞ്ചിലൂടെ സമാഹരിച്ചത് 35.56 ലക്ഷം
text_fieldsയൂത്ത് ലീഗ് പായസ ചലഞ്ചിലൂടെ സമാഹരിച്ച തുക ഇ.ടി. മുഹമ്മദ് ബഷീര്‍ ചികിത്സ
സഹായ സമിതിക്ക് കൈമാറുന്നു
പട്ടിക്കാട്: സഹപ്രവര്‍ത്തകന്റെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് യൂത്ത് ലീഗ് മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി പായസ ചലഞ്ചിലൂടെ സമാഹരിച്ച് നല്‍കിയത് 35.56 ലക്ഷം രൂപ. കീഴാറ്റൂര്‍ കണ്യാല സ്വദേശിയും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ട്രഷററുമായ മുഹമ്മദ് ബിലാലിന്റെ മജ്ജമാറ്റി വെക്കല്‍ ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായി ഏകദേശം ഒരു കോടി രൂപയാണ് ചിലവ് വരിക. ഇതിനായി യൂത്ത് ലീഗ് മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി പായസ ചലഞ്ച് നടത്തിയാണ് 35.56 ലക്ഷം രൂപ സമാഹരിച്ചത്.
16000 ലിറ്റര്‍ പായസം വില്‍പ്പന നടത്തിയാണ് ഇത്രയും തുക സമാഹരിച്ചത്. കഴിഞ്ഞ ഞായറാഴ്ച മഞ്ചേരി സി.എസ്.ഐ ചര്‍ച്ച് ഗ്രൗണ്ടില്‍ ശംഭു എമ്പ്രാന്തിരിയുടെ നേതൃത്വത്തില്‍ തയാറാക്കിയ പായസം യൂത്ത് ലീഗ്, എം.എസ്.എഫ്, വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ആവശ്യക്കാരുടെ വീടുകളിലെത്തിച്ച് നല്‍കിയത്. പട്ടിക്കാട് മൈത്രി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിയുക്ത എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍ തുക ചികിത്സ സഹായ സമിതിക്ക് കൈമാറി. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷൈജല്‍ ആമയൂര്‍ അധ്യക്ഷത വഹിച്ചു. ബിലാല്‍ ചികിത്സ സഹായ സമിതിക്കു വേണ്ടി ചെയര്മാന് യൂസഫ് ഫൈസി, കണ്‍വീനര്‍ ഖാദര്‍ ഫൈസി, ട്രഷറര്‍ വി.പി. ശംസുദ്ദീന്‍ എന്നിവര്‍ ഏറ്റുവാങ്ങി.
പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ, വല്ലാഞ്ചിറ മുഹമ്മദലി, അന്‍വര്‍ മുള്ളമ്പാറ, കണ്ണിയന്‍ അബൂബക്കര്‍, അഡ്വ. എം. റഹ്മത്തുല്ല, പി.എച്ച്. ഷമീം, അഡ്വ. അബൂ സിദ്ദിഖ്, യൂസഫ് വല്ലാഞ്ചിറ, എന്‍.പി. മുഹമ്മദ്, എന്‍.കെ. ഹംസ, കെ. നിസാര്‍, സി.എച്ച്. ആസ്യ, പി.എം.എ. ഗഫൂര്‍, സജറുദ്ദീന്‍ മൊയ്തു, വി.പി. ശംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.