അരികുചാൽ പ്രവൃത്തി പാതിവഴിയിൽ; വീട്ടിലേക്ക് വഴി മുടങ്ങിയിട്ട് രണ്ട് മാസം
text_fieldsഅരികുചാൽ നിർമാണത്തിന്റെ ഭാഗമായി വീട്ടിലേക്കുള്ള വഴിയിൽ കുഴിയെടുത്തപ്പോൾ
പട്ടിക്കാട്: റോഡ് പണിയുടെ ഭാഗമായി നിർമിക്കുന്ന അരികുചാലിന്റെ പ്രവൃത്തി പാതിവഴിയിൽ നിലച്ചതോടെ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള വഴി മുടങ്ങിയിട്ട് രണ്ട് മാസം. മണ്ണാർമല പീടികപ്പടി-പച്ചീരിപ്പാറ റോഡ് പ്രവൃത്തിയുടെ ഭാഗമായാണ് അരികുചാൽ നിർമാണം തുടങ്ങിയതെങ്കിലും ചാല് കീറിയിടുക മാത്രം ചെയ്ത് ബാക്കി പ്രവൃത്തി നടത്താത്തതാണ് വിനയായത്. പച്ചീരി അത്താണിപ്പടിയിലെ കൂരിയാടൻ അബൂബക്കർ സിദ്ദീഖിന്റെ വീടിന്റെ മുൻവശത്താണ് ആഴത്തിൽ മണ്ണ് നീക്കിയിരിക്കുന്നത്. ഇതോടെ കാൽനടയാത്രക്കും വാഹനം വീട്ടിലേക്ക് കയറ്റാനും സാധിക്കാത്ത സ്ഥിതിയായി. അധികൃതരോട് പലതവണ പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല.
ഈ റോഡിന്റെ പ്രവൃത്തി തുടങ്ങിയിട്ട് രണ്ട് വർഷമായി. റോഡിന് കുറുകെയുള്ള ഓവുചാലുകളുടെ നിർമാണവും ടാറിങ്ങും പൂർത്തിയായെങ്കിലും റോഡരികിലുടെയുള്ള കോൺക്രീറ്റിങ്ങും അരികുചാൽ നിർമാണവും നിലച്ചിരിക്കുകയാണ്. രണ്ടിടങ്ങളിൽ വെള്ളം ഒഴുകിപ്പോകാനുള്ള നിലംപതിയിലെ കോൺക്രീറ്റിങ് പ്രവൃത്തിയും പാതി വഴിയിലാണ്.